ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് തിരിമറി നടന്ന പലഹാരങ്ങള്‍.
ആറ്റിങ്ങല്‍ നഗരസഭയിലെ ആരോഗ്യവിഭാഗ൦ നടത്തിയ പരിശോധനയിലാണ് തിരിമറി നടന്ന പലഹാരങ്ങള്‍ കണ്ടെത്തിയത്.
ആലംകോട് കൊച്ചുവിള എആര്‍ ഏജന്‍സീസില്‍ നിന്നുമാണ് 20 ചാക്കോളം വരുന്ന കണ്ടെത്തിയത്.
ഒരാഴ്ച കഴിഞ്ഞുള്ള തീയതി രേഖപ്പെടുത്തിയ പലഹാര പാക്കറ്റുകളാണ് ചാക്കില്‍ നിന്നും കണ്ടെത്തിയത്.
മെയ് 20നു പിടിച്ചെടുത്ത പലഹാര പാക്കറ്റുകളിലെ നിര്‍മ്മാണ തീയതി രേഖപ്പെടുത്തിയിരുന്നത് മെയ് 26 എന്നാണ്.
ഇതേ തുടര്‍ന്ന് കൊച്ചുവിള എആര്‍ ഏജന്‍സീസിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്തു. ഇതുകൂടാതെ, ഇവരില്‍ നിന്നും പിഴയീടാക്കുമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അജയകുമാര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് പെയ്ത മഴയില്‍ യൂണിറ്റിലെ ചിമ്മിനി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ പലഹാര നിര്‍മ്മാണം നടന്നിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് അറിയിച്ചു.
വലിയക്കുന്ന് താലൂക്ക് ആശുപത്രിയുടെ സബ് സെന്‍ററിന്‍റെ നിര്‍മ്മാണം വിലയിരുത്താന്‍ എത്തിയ സംഘം യാദൃശ്ചികമായി നിർമ്മാണകേന്ദ്രത്തിൽ പരിശോധന നടത്തുകയായിരുന്നു.