കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്.
വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മ്മാതാവ് അജാസാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തല്‍.
അതിന്‍റെ അടിസ്ഥാനത്തില്‍ അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു. അതേസമയം അജാസ് നാടുവിട്ടുവെന്നാണ് പൊലീസ് പറയുന്നത്.
ഇയാള്‍ വിദേശത്തേക്ക് കടന്നതായിട്ട് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇടി, ഗൂഢാലോചന എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് അജാസ്.
രവി പൂജാരിയും ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചവരും തമ്മിലുള്ള ബന്ധത്തിന്‍റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് അജസാണെന്ന്‍ അന്വേഷണസംഘം വ്യക്തമാക്കി. മാത്രമല്ല ലീനയെ കുറിച്ചുള്ള വിവരങ്ങള്‍ പൂജാരയ്ക്ക് നല്‍കിയതും അജാസാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ആണ് നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടു പേര്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പിനും ഒരു മാസം മുന്‍പ് നടി ലീനയെ ഫോണില്‍ വിളിച്ച് രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനായിരുന്നു ഈ വെടിവെപ്പ്.