തിരുവനന്തപുരം:അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനേയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
നിയമസഭയിൽ നടന്ന അവിശ്വാസ പ്രമേയ അവതരണത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾ പൂർണ്ണമായും
പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നെല്ലാം ഒളിച്ചോടിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ഉത്തരവാദിത്വബോധമില്ലാതെ സഭയുടെ സൽപ്പേരിന് കളങ്കംവരുത്തുന്ന നടപടികളാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉണ്ടായതെന്നും
തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആവനാഴിയിൽ ആയുധമുണ്ടായിട്ടും അത് പ്രയോഗിക്കുന്നതിൽ തലച്ചോറിൻെറ കുറവ് പ്രതിപക്ഷത്തിനുണ്ടായി.
നിർഗുണ പ്രതിപക്ഷത്തിന്റേത് യുദ്ധനീതി ആയിരുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിണറായി വിജയന്റെ ഐശ്വര്യമാണ്.
ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ രാവിലെ ഭരണപക്ഷം കൊണ്ടുവന്ന വിമാനത്താവള പ്രമേയത്തെ പ്രതിപക്ഷം
അനുകൂലിക്കുകയും വൈകുന്നേരത്തെ അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്യുകയുമായിരുന്നു.
രാവിലെ കല്ല്യാണം വൈകുന്നേരം മൊഴിചൊല്ലൽ എന്ന പോലെ പ്രഹസനമായിരുന്നു ഇതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഇത്രയും ഗൗരവമായ വിഷയങ്ങളുണ്ടായിട്ടും ഒന്നിനും മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാൻ പ്രതിപക്ഷത്തിനായില്ല.
പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണിയെ നേരിടാൻ ചെന്നിത്തലയ്ക്ക് ത്രാണിയില്ല.
നിയമസഭയിൽ ബി.ജെ.പിയ്ക്ക് കുറച്ചുകൂടി അംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ സർക്കാർ വെള്ളം കുടിക്കുമായിരുന്നു.
ആരോപണങ്ങളുടെ വസ്തുതയിലേക്ക് മുഖ്യമന്ത്രി പോയില്ലെന്നും മാത്രമല്ല
സ്വർണക്കള്ളക്കടത്തിൽ അദ്ദേഹം നടത്തിയത് സഭയെ തെറ്റിദ്ധരിപ്പിക്കലാണ് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി,
Also Read:പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി;പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.സുരേന്ദ്രൻ
ദേശീയ അന്വേഷണ ഏജൻസികൾ തന്റെ ഓഫീസിനെ കുറ്റപെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി
സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും കോടതിയിൽ അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയതാണ്.
ഈ വസ്തുതകൾ മറച്ച് വെച്ചാണ് മുഖ്യമന്ത്രി സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചത്.
ലൈഫ് മിഷനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് മിണ്ടാട്ടമില്ലായിരുന്നു. ആരാണ് കരാർ നൽകിയത്?
എങ്ങനെയാണ് ഇത്രയധികം കമ്മീഷൻ പോയത്? തുടങ്ങി ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയില്ല.
മന്ത്രി ജലീലിന്റെ ചട്ടലംഘനത്തിൽ ജലീലിന്റെ പൊള്ളത്തരം മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ട് മതത്തെ മറയാക്കി സംരക്ഷണം ഒരുക്കി.
എല്ലാം സമാധനപരമായി അവസാനിച്ച അയോദ്ധ്യ പ്രശ്‌നം ഉയർത്തി സാമുദായിക ധ്രുവീകരണം നടത്താനാണ് പിണറായി വിജയൻ ശ്രമിച്ചത്.
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പയറ് വർഗ്ഗീയതയിലേക്കായിരുന്നെന്നും സുരേന്ദ്രൻ ചണ്ടിക്കാട്ടി.
വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരം വീണ്ടും നിലനിർത്താനുള്ള നീക്കമാണിത്. ജലീലിന്റെ ഖുറാനിൽ പൊതിഞ്ഞ സ്വർണ്ണത്തെ ന്യായീകരിച്ച്
ന്യൂനപക്ഷങ്ങളെ കയ്യിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നിയമസഭയെ മുഖ്യമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചിട്ടും പ്രതിപക്ഷം
നോക്കി നിൽക്കുകയായിരുന്നെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തു. പ്രതിപക്ഷത്തെ ജനങ്ങൾക്ക് വിശ്വാസമില്ലാതായി കഴിഞ്ഞു.
ബി.ജെ.പി സമരം തുടരുകയും യു.ഡി.എഫിന് വഴിക്ക് വച്ച് നിർത്തേണ്ടിയും വരുമെന്ന് ജനങ്ങൾക്കറിയാം. പെരിയ കൊലപാതകം
സി.ബി.ഐയ്ക്ക് വിട്ടത് സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ്. സി.പി.എമ്മിലെ കൊലയാളികളെ രക്ഷിക്കാൻ ഖജനാവിലെ പണം ഉപയോഗിക്കരുത്.
വീണ്ടും അപ്പീലിന് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സ്വർണക്കടത്തിൽ നിന്നും ലൈഫ് മിഷനിൽ നിന്നും ലഭിച്ച അഴിമതി പണത്തിൽ
നിന്നും നൽകണമെന്നും സുരേന്ദ്രൻ പറഞ്ഞു.