തലശ്ശേരി: കണ്ണൂരില്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. അണ്ടല്ലൂര്‍ മുല്ലപ്രം കാവിനു സമീപം സോമന്റവിട വീട്ടില്‍ സന്തോഷ് കുമാര്‍ (49) ആണ് മരിച്ചത്.
സംഭവസമയത്ത് സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബേബിയും മക്കളായ സാരംഗും വിസ്മയയും ബേബിയുടെ മീത്തലെപീടികയിലെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ രക്തംവാര്‍ന്ന് മരണം സംഭവിച്ചിരുന്നു. കൊലപാതകം നടത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ഇതേ തുടർന്ന് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. കലോത്സവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അറിയിച്ചു.
അതേസമയം, ജില്ലയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്യ ജില്ലകളില്‍ നിന്നും സുരക്ഷ ഉറപ്പു വരുത്താന്‍ സേനയെ വിളിച്ചിട്ടുണ്ട്.