മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പച്ചക്കള്ളം പറഞ്ഞ സിപിഎം നേതാക്കള്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം: വി.ഡി സതീശൻ

 പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യുഡിഎഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 04:07 PM IST
  • മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സിപിഎം നേതാക്കളാണ്
  • പൊലീസ് മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ കണ്ണ് തകര്‍ന്നു
 മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പച്ചക്കള്ളം പറഞ്ഞ സിപിഎം നേതാക്കള്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം: വി.ഡി സതീശൻ

തിരുവനന്തപുരം;വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയും ആവര്‍ത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സര്‍ക്കാരിന് കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യുഡിഎഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സിപിഎം നേതാക്കളാണ്. അതിന്റെ പേരിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിഞ്ഞതും കത്തിച്ചതും പ്രവര്‍ത്തകരെ ആക്രമിച്ചതും. 

പൊലീസ് മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ കണ്ണ് തകര്‍ന്നു. നൂറിലധികം പ്രവര്‍ത്തകര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. കെപിസിസി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സിപിഎം നേതാക്കളാണ് ഈ അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. അവര്‍ക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും സിപിഎമ്മും എത്തിച്ചേര്‍ന്നിരിക്കുന്ന അപമാനകരമായ അവസ്ഥയില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി കലാപമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

എം.വി രാഘവനെ ട്രെയിനില്‍ ആക്രമിച്ചതും കരി ഓയില്‍ ഒഴിച്ചതും സിപിഎമ്മാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് തീരുമാനിച്ചതും അവരാണ്. മട്ടന്നൂരില്‍ ബസ് കത്തിച്ച് നാല് പേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയും സിപിഎമ്മാണ്. ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്താന്‍ പാര്‍ട്ടിയുടെ തലപ്പത്ത് സിപിഎം ഗുണ്ടകളെയും ക്രിമിനലുകളെയും നിയോഗിച്ചിരിക്കുകയാണ്. അതൊക്കെ കണ്ട് പേടിച്ചോടില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പൊലീസുകാര്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്നത് മുഖ്യമന്ത്രിയാണ്. 

പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയെന്ന വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗാന്ധി പ്രതിമയുടെ തലയറുത്തത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റല്‍. രക്തസാക്ഷിക്ക് വേണ്ടി പൊതുജനങ്ങളുടെ പണം പിരിച്ചിട്ട് ആഭ്യന്തരകാര്യമാണെന്ന് പറയാനാകില്ല. അതിനെതിരെ പൊലീസ് അന്വേഷണം നടത്തണം. ഇതിനെ ന്യായീകരിച്ച് സിപിഎം, പരാതി നല്‍കിയ ആള്‍ക്കെതിരെ നടപടി എടുത്തു എന്നത് തന്നെ വിചിത്രമാണ്. ഇതാണ് പാര്‍ട്ടിയില്‍ നടക്കുന്ന നീതി.

 കൊള്ളക്കാരനെയും അഴിമതിക്കാരെയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്നവനെയുമൊക്കെ ചേര്‍ത്ത് നിര്‍ത്തുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാധിക്കില്ല. ഇവരേക്കാള്‍ കുഴപ്പക്കാരാണ് അവിടെ ഇരിക്കുന്നത്. അവര്‍ സംസ്ഥാനം തന്നെ അടിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. എംഎല്‍എയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം ഉര്‍ന്നിരിക്കുന്നത്. അദ്ദേഹത്തെ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയാല്‍ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ലിത്. സത്യസന്ധരായ ആളുകള്‍ക്കൊന്നും സിപിഎമ്മില്‍ രക്ഷയില്ല. അവര്‍ വ്യാപകമായി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. 

പയ്യന്നൂര്‍ ഗാന്ധി പ്രതിമയ്ക്കു നേരെ സിപിഎം നടത്തിയ ആക്രമണം ഹൃദയഭേദകമാണ്. കണ്ടിരിക്കാന്‍ പോലും കഴിയുന്നില്ല. ഗാന്ധിഘാതകര്‍ ഗാന്ധിയോടുള്ള വിരോധം തീരാതെ ഇപ്പോഴും അദ്ദേഹത്തിന്റെ ബോര്‍ഡുകളിലേക്കും ചിത്രങ്ങളിലേക്കും നിറയൊഴിക്കുകയാണ്. ഈ ഗാന്ധിഘാതകരും കേരളത്തിലെ സിപിഎമ്മുകാരും തമ്മില്‍ വ്യത്യാസമില്ല. സംഘപരിവാര്‍ പോലും ചെയ്യാത്ത തരത്തിലുള്ള ഗാന്ധിനിന്ദയാണ് സിപിഎം കാട്ടുന്നത്. കണ്ണൂരില്‍ തകര്‍ക്കപ്പെട്ട ഓഫീസുകളിലെ ഗാന്ധി ചിത്രങ്ങള്‍ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിച്ചു. ഇതെല്ലാം സംഘപരിവാറുമായി കേരളത്തിലെ സിപിഎം അടുക്കുന്നു എന്നതിന്റെ അടയാളങ്ങളാണ്.

പിണറായി സര്‍ക്കാരിന്റെ കാലത്ത് അവതാരങ്ങളെ മുട്ടി നടക്കാന്‍ പറ്റുന്നില്ല. പത്താമത്തെ അവതാരമായാണ് അനിത പുല്ലയില്‍ എത്തിയിരിക്കുന്നത്. അവതാരങ്ങള്‍ എവിടെയും പോയി ഇരിക്കും. മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജില്‍ കയറി ഇരിക്കാത്തത് ഭാഗ്യം. ഇപ്പോള്‍ സിപിഎം എതിര്‍ക്കുന്ന സ്വപ്‌ന സുരേഷിനെ എല്ലാ വേദയിലും കൊണ്ടു നടന്നത് ഈ സര്‍ക്കാരാണ്. സര്‍ക്കാരിന് അനുകൂലമായ വെളിപ്പെടുത്തല്‍ നടത്താനാണ്, സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതാന്‍ അനുമതി നല്‍കി. എന്നാല്‍ അതേ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയതിനാണ് കലാപ ആഹ്വാനത്തിന് കേസെടുത്തത്. 

ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുകയും സ്വപ്നയെ ഇടനിലക്കാരെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് ഭീതിയും വെപ്രാളവുമാണ്. അതുകൊണ്ടാണ് നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ പേടിച്ചോടുന്നത്. മടിയില്‍ കനമില്ലാത്തവര്‍ എന്തിനാണ് ഭയക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതിനാലാണ് സ്വപ്‌ന സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ തെറ്റില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ സോളാര്‍ കേസ് സിബിഐക്ക് വിട്ടത് പോലെ ഈ കേസും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News