അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു

  

Last Updated : Jan 31, 2018, 11:48 AM IST
അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു

പത്തനംതിട്ട: ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. 2015 മുതല്‍ ദുബൈ ജയിലില്‍ കഴിയുകയാണ് രാമചന്ദ്രന്‍. ബാങ്കുകള്‍ക്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. 

രാമചന്ദ്രന്‍റെ കുടുംബാംഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറിയത്.

12 കേസില്‍ 11 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചതായാണു സൂചന. നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. മോചിതനായാല്‍ ഉടന്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. 

സ്വത്തുവിവരം അറിഞ്ഞതിനേ തുടര്‍ന്ന് രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടം വീട്ടാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്ന് ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണു വിവരം.

രണ്ട് വ്യക്തികളുമായുള്ള കേസാണു ഇനി തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ടചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥര്‍ ചര്‍ച്ച തുടരുകയാണ്. രാമചന്ദ്രന്‍റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി.യുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

Trending News