CM Pinarayi Vijayan: സർക്കാരിൻ്റെ വിവിധ നിർമാണ പദ്ധതികളുടെ രൂപകൽപനയിൽ വാസ്തുവിദ്യാ ഗുരുകുലം പങ്കാളിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Chief Minister Pinarayi Vijayan: രാജ്യത്തെ നിരവധി പൈതൃക നിർമിതികളുടെ സമ്പൂർണ ഡോക്യുമെൻ്റേഷൻ ഏറ്റെടുത്ത് നടപ്പാക്കാൻ വാസ്തു വിദ്യാ ഗുരുകുലത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Last Updated : Sep 14, 2023, 03:58 PM IST
  • കേരളീയ ചുമർച്ചിത്രകലാ പാരമ്പര്യത്തെ ജനകീയമാക്കുന്നതിനാണ് വാസ്തുവിദ്യാ ഗുരുകുലം രൂപീകരിച്ചത്
  • ചുമർച്ചിത്രങ്ങൾ ഇന്ത്യൻ പാർലമെൻ്റ്, വത്തിക്കാൻ കൊട്ടാരം, അമേരിക്കയിലെ വൈറ്റ് ഹൗസ് തുടങ്ങിയവയുടെ അകത്തളങ്ങളെ അലങ്കരിക്കുന്നു എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
CM Pinarayi Vijayan: സർക്കാരിൻ്റെ വിവിധ നിർമാണ പദ്ധതികളുടെ രൂപകൽപനയിൽ വാസ്തുവിദ്യാ ഗുരുകുലം പങ്കാളിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വാസ്തുവിദ്യാ ഗുരുകുലം നിലകൊള്ളുന്നത് സൃഷ്ടിപരമായ മേഖലകളിലെ നമ്മുടെ പാരമ്പര്യത്തെ സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന പൈതൃകോത്സവം 2023 ദേശീയ സെമിനാറുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം രാജ്യത്തെ നിരവധി പൈതൃക നിർമിതികളുടെ സമ്പൂർണ ഡോക്യുമെൻ്റേഷൻ ഏറ്റെടുത്ത് നടപ്പാക്കാൻ വാസ്തു വിദ്യാ ഗുരുകുലത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളീയ ചുമർച്ചിത്രകലാ പാരമ്പര്യത്തെ ജനകീയമാക്കുന്നതിനാണ് വാസ്തുവിദ്യാ ഗുരുകുലം രൂപീകരിച്ചത്. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് വരച്ച നമ്മുടെ ചുമർച്ചിത്രങ്ങൾ ഇന്ത്യൻ പാർലമെൻ്റ്, വത്തിക്കാൻ കൊട്ടാരം, അമേരിക്കയിലെ വൈറ്റ് ഹൗസ് തുടങ്ങിയവയുടെ അകത്തളങ്ങളെ അലങ്കരിക്കുന്നു എന്നത് അഭിമാനകരമായ സംഗതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമായ കരകൗശല സൃഷ്ടികളുടെ പ്രോത്സാഹനത്തിനും വില്പന സാധ്യതകൾക്കുമായി സംസ്ഥാനസർക്കാർ ആരംഭിച്ച ഗ്രാമീണ കലാകേന്ദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഗുരുകുലത്തിനാണുള്ളത്. സർക്കാരിൻ്റെ വിവിധ നിർമാണ പദ്ധതികളുടെ രൂപകല്പനയിൽ വാസ്തുവിദ്യാ ഗുരുകുലത്തിൻ്റെ അറിവുകൾ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാസ്തുവിദ്യാ ഗുരുകുലം അന്താരാഷ്ട്ര നിലവാരത്തിലേക്കും പ്രശസ്തിയിലേക്കും ഉയരാൻ പോകുകയാണെന്നും അതിൻ്റെ മുന്നോടിയാണ് ഈ ദേശീയ സെമിനാർ എന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സർക്കാരിൻ്റെ നവകേരള പദ്ധതിയുമായും നവോത്ഥാനമൂല്യങ്ങളുമായും ചേർന്നുപോകുന്ന രീതിയിലായിരിക്കും വാസ്തുവിദ്യാ ഗുരുകുലത്തിൻ്റെ പ്രവർത്തനങ്ങളെന്ന് വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ പത്മശ്രീ ഡോ. ജി ശങ്കർ പറഞ്ഞു. എപ്പോഴൊക്കെ വാസ്തുവിദ്യാ ഗുരുകുലം പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ സർക്കാർ സഹായിച്ചിട്ടുണ്ടെന്ന് വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടിവ് ഡയറക്ടർ പ്രിയദർശനൻ പി. എസ് പറഞ്ഞു. തദ്ദേശീയമായ വാസ്തുവിദ്യാ ശാസ്ത്രത്തോടൊപ്പം ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ചാണ് നാം സ്വാംശീകരിക്കേണ്ടതെന്ന് ന്യൂഡൽഹിയിലെ കൗൺസിൽ ഓഫ് ആർക്കിടെക്ചറിൻ്റെ അധ്യക്ഷൻ അഭയ് പുരോഹിത് പറഞ്ഞു. ഐഐടി ഖരഗ്പൂരിൽ തദ്ദേശീയ വാസ്തുവിദ്യ ശാസ്ത്രീയമായി പഠിപ്പിക്കുന്ന ബിരുദാനന്തര കോഴ്സുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും കാറ്റിനും സാധ്യത

ദേവാസുരം സിനിമയിലെ 'വന്ദേ മുകുന്ദഹരേ' എന്നാരംഭിക്കുന്ന സാമന്തമലഹരി രാഗത്തിലുള്ള ഗാനം മനോഹരമായി ആലപിച്ചുകൊണ്ടാണ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തൻ്റെ പ്രസംഗം ആരംഭിച്ചത്. സഹൃദയത്വം തുളുമ്പുന്ന വ്യക്തിത്വമായ മന്ത്രി സജി ചെറിയാൻ തന്നെ ചുക്കാൻ പിടിക്കുന്നു എന്നത് സാംസ്കാരിക വകുപ്പിൻ്റെ നേട്ടമാണെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു. വാസ്തുവിദ്യാ ഗുരുകുലത്തിൻ്റെ മുന്നോട്ടുള്ള പോക്കിന് ഈ സെമിനാർ സഹായകരമാകുമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ ഐ.എഫ്.എസ് പറഞ്ഞു. വാസ്തുവിദ്യാ ഗുരുകുലത്തിൻ്റെ നാൾവഴികളിൽ ഒട്ടേറെ കുതിപ്പുകളും കിതപ്പുകളും ഉണ്ടായിട്ടുണ്ടെന്ന് ഗുരുകുലം വൈസ് ചെയർമാൻ ആർ. അജയകുമാർ പറഞ്ഞു. സർക്കാർ ചെലവിൽ അന്ധവിശ്വാസം പഠിപ്പിക്കാൻ ഒരു സ്ഥാപനം വേണോ എന്നതായിരുന്നു വാസ്തുവിദ്യാ ഗുരുകുലത്തെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം. എന്നാൽ തനത് വാസ്തുവിദ്യയുടെ ശാസ്ത്രീയ വശങ്ങൾ ഉയർത്തിപ്പിടിക്കുകയും അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്തുകൊണ്ടാണ് ഗുരുകുലം ഇത്തരം വിമർശനങ്ങളെ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ദിവസങ്ങളിലായി നടന്ന സെമിനാറിൻ്റെ സുവനീർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. കേരളീയ ചുമർചിത്രരീതികളും പ്രകൃതിദത്തമായ നിറങ്ങളും ഉപയോഗിച്ച് പ്രശസ്ത കലാകാരൻ സുരേഷ് മുതുകുളം വരച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഛായാചിത്രവും മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിന് സമ്മാനിച്ചു. പാലക്കാട് വെള്ളിനേഴിയിലുള്ള കൃഷ്ണൻ ആചാരി സ്മാരക കോപ്പ് നിർമാണ കേന്ദ്രത്തിലെ കലാകാരന്മാർ നിർമിച്ച കഥകളി രൂപവും അവരുടെ പ്രതിനിധി മുഖ്യമന്ത്രിയ്ക്ക് സമ്മാനിച്ചു. വാസ്തുവിദ്യാ ഗുരുകുലം മുൻ ചെയർമാനും പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി.കെ.എ നായർ, ആർക്കിടെക്ട് ഡോ. ബെന്നി കുര്യാക്കോസ്, സുജാ കർത്ത ( പ്രിൻസിപ്പൽ, മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ), ഡോ. സുരേഷ്. കെ നായർ (പ്രൊഫസർ, ബനാറസ് ഹിന്ദു സർവകലാശാല), പ്രമോദ് പയ്യന്നൂർ( സെക്രട്ടറി, ഭാരത് ഭവൻ), ഡോ. എം സത്യൻ ( ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർ ചടങ്ങിൽ വിശിഷ്ടാഥിതികളായിരുന്നു. വാസ്തുവിദ്യാ ഗുരുകുലത്തിൻ്റെ ഭരണസമിതി അംഗങ്ങളായ ജി. വിജയൻ, കെ.പി അശോകൻ, ശ്രീജ വിമൽ, ശ്രീലേഖ. വി.ജി, ലീന. വി, ഹരിശങ്കർ പ്രസാദ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News