സിപിഎം നേതാവ് എം.കേളപ്പന്‍ അന്തരിച്ചു

വടകര സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.  

Last Updated : Aug 11, 2019, 08:17 AM IST
സിപിഎം നേതാവ് എം.കേളപ്പന്‍ അന്തരിച്ചു

കോഴിക്കോട്: സിപിഎം നേതാവും മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എം.കേളപ്പന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

വടകര സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒമ്പത് മണിമുതല്‍ പന്ത്രണ്ട് മണിവരെ വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

എഴുത്തുകാരന്‍ കൂടിയായ എം.കേളപ്പന്‍ പണിക്കോട്ടി എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. ദരിദ്ര കുടുംബത്തില്‍ ജനിച്ച കേളപ്പന്‍ 17 മത്തെ വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

കിസാന്‍സഭയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വൈകാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ പിന്നീട് സിനിമയായത്. അമൃത സ്മരണകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

22 വര്‍ഷത്തോളം വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന അദ്ദേഹം കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. 1975 ലാണ് അദ്ദേഹം ജില്ലാ കമ്മിറ്റി അംഗമായത്. 1991 മുതല്‍ 2001 വരെ 10 വര്‍ഷം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു.

Trending News