പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; മന്ത്രി ആർ ബിന്ദുവിന്റെ കസേര തെറിച്ചേക്കും

നിരന്തരം വിമർശനങ്ങളും എതിർപ്പും ഉയർത്തിയതാണ് പാർട്ടി നേതൃത്വത്തിന് ആർ ബിന്ദു അനഭിമതയാകാൻ കാരണം.

Written by - ടി.പി പ്രശാന്ത് | Last Updated : Apr 7, 2022, 04:02 PM IST
  • എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൻമേൽ നടത്തിയ ചർച്ചയിൽ പാർട്ടിയിൽ പുരുഷ മോധാവിത്വമാണെന്ന് മന്ത്രി ആർ ബിന്ദു തുറന്നടിച്ചിരുന്നു
  • വനിതാ നേതാക്കളോടുള്ള പുരുഷ നേതാക്കളുടെ സമീപനം ഖേദകരമാണെന്നും ബിന്ദു സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി
  • വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പികെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വിമർശനങ്ങൾ
പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത;  മന്ത്രി ആർ ബിന്ദുവിന്റെ കസേര തെറിച്ചേക്കും

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, കായിക മന്ത്രി വി അബ്ദു റഹ്മാൻ എന്നിവർക്കായിരിക്കും സ്ഥാന ചലനമുണ്ടാവുക. നിരന്തരം വിമർശനങ്ങളും എതിർപ്പും ഉയർത്തിയതാണ് പാർട്ടി നേതൃത്വത്തിന് ആർ ബിന്ദു അനഭിമതയാകാൻ കാരണം.

വിദേശ സർവകലാശാലകളെ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം വികസന നയരേഖയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ആർ ബിന്ദു എതിർപ്പ് രേഖപ്പെടുത്തിയതാണ് മന്ത്രി സ്ഥാനം ത്രിശങ്കുവിലാക്കിയത്. റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ നിരവധി വിദ്യാർത്ഥികൾ വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ കേരളത്തിലേക്ക് തിരിച്ചെത്തിയ പശ്ചാത്തലത്തിലായിരുന്നു വിദേശ സർവകലാശാല വിഷയം ഉയർന്ന് വന്നത്. നേരത്തെ രാജ്യത്ത് വിദേശ സർവകലാശാലകൾ അനുവദിക്കണമെന്ന നിലപാട് കേന്ദ്രസർക്കാർ എടുത്തപ്പോൾ അതിനെതിരെ സമരമുഖം തുറന്ന സിപിഎമ്മാണ് കേരളത്തിൽ വിദേശ സർവകലാശാലകൾക്ക് പ്രവർത്തന അനുമതി നൽകാമെന്ന നിലപാടിലെത്തിയിരിക്കുന്നത്. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയത്  മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമായി. 

കൂടാതെ എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൻമേൽ നടത്തിയ ചർച്ചയിൽ പാർട്ടിയിൽ പുരുഷ മോധാവിത്വമാണെന്ന് മന്ത്രി ആർ ബിന്ദു തുറന്നടിച്ചിരുന്നു. വനിതാ നേതാക്കളോടുള്ള പുരുഷ നേതാക്കളുടെ സമീപനം ഖേദകരമാണെന്നും പരാതി നൽകിയാൽ പോലും പാർട്ടി പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല പരാതിക്കാരെ അവഗണിക്കുകയാണെന്നും ബിന്ദു സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പികെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വിമർശനങ്ങൾ.

ശക്തമായ വിമർശനങ്ങളുന്നയിച്ചതിനാലാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ മന്ത്രി ആർ ബിന്ദുവിന് പാർട്ടി  സംസ്ഥാന സമിതിയിലേക്കുള്ള പ്രവേശം തഴയപ്പെട്ടത്.  ബിന്ദുവിനോടുള്ള ഈ നീരസം ഭർത്താവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശത്തിനും വിലങ്ങുതടിയായി. കോടിയേരി ബാലകൃഷ്ണനുപകരം സെക്രട്ടറി ചുമതല നിർവഹിച്ച നേതാവാണ്  പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ തഴയപ്പെട്ടത് എന്നതും അത്ഭുതത്തോടെയാണ് അണികൾ വീക്ഷിക്കുന്നത്.  പാർട്ടി കോൺഗ്രസിൽ പുതുതായി രൂപീകരിക്കുന്ന കേന്ദ്രസെക്രട്ടേറിയറ്റിൽ വിജയരാഘവനെ ഉൾപ്പെടുത്തി അതിർത്തി കടത്താനാണ് ഇപ്പോൾ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News