കൊച്ചി:പാർട്ടി കോൺഗ്രസിന് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് സിപിഎം നേതൃത്വം. കേന്ദ്രകമ്മിറ്റിഅംഗവും മന്ത്രിയുമായ പി.രാജീവ്,സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് എന്നിവർക്കാണ് മണ്ഡലത്തിന്റെ മേൽനോട്ട ചുമതല പാർട്ടി നൽകിയിരിക്കുന്നത്.വിജ്ഞാപനം വന്നാൽ ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്.ഈ മാസം 27 ന് കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ എറണാകുള ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്നത്തെ യോഗത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.
സ്ഥാനാർത്ഥികളായി നിരവധി പേരുകൾ പാർട്ടി പരിഗണിക്കുന്നുണ്ട്.എന്നാൽ കെ.വി.തോമസ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎം ക്യാമ്പിലേക്ക് എത്തിയാൽ ഇപ്പോഴത്തെ സമവാക്യങ്ങൾ അപ്പാടെ മാറും.കെ.വി തോമസിന്റെ മകൾ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം നേരത്തെ ശക്തമായിരുന്നു.
തൃക്കാകര തെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെ പ്രതിനിധ്യം നൂറ് ആക്കി ഉയർത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.എങ്ങനെയും മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി ആവിഷ്ക്കരിക്കുന്നത്.പാർട്ടി സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിർദേശം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.
കോൺഗ്രസ് ക്യാമ്പിലും ചർച്ചകൾ സജീവമാണ്.മണ്ഡലത്തിന്റെ ചുമതല പതിനൊന്ന് നേതാക്കൾക്ക് വിഭജിച്ച് നൽകി.വോട്ടർപട്ടികയിൽ പേര് ചേർക്കലും സജീവമായി നടക്കുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 29 ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരും.പി.ടി.തോമസിന്റെ ഭാര്യ ഉമാ തോസിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളാണ് ഇപ്പോൾ കോൺഗ്രസിൽ പുരോഗമിക്കുന്നത്.എന്നാൽ പാർട്ടിയിലെ നേതാക്കളെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം എറണാകുളത്തെ പ്രമുഖ നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.
കെ.സി വേണുഗോപാലും വിഡി സതീശനും അടുത്തിടെ പി.ടി തോമസിന്റെ വീട്ടിലെത്തി ഉമയെ സന്ദർശിച്ചിരുന്നു.സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായിട്ടല്ല സന്ദർശനം എന്ന നിലാപാടാണ് നേതാക്കൾ ഇപ്പോഴും ആവർത്തിക്കുന്നത്.എന്നാൽ തൃക്കാക്കരയിൽ ഉമ തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് കെ.പി.സിസി നേതൃത്വത്തിന്റെ താൽപ്പര്യം.ഇക്കാര്യത്തിൽ ഉമ ഇത് വരെ സന്നദ്ധത അറിയിച്ചിട്ടില്ല. മൽസരിക്കാൻ അവർ തയ്യാറാകാതെ വന്നാൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ മറ്റ് പേരുകളിലേക്ക് മാറും.അബ്ദുൾ മുത്തലിബ്ബ്, ദീപ്തി മേരി വർഗ്ഗീസ്, മുഹമ്മദ് ഷിയാസ്,ജയ്സൺ ജോസഫ്,ഡൊമനിക് പ്രസന്റേഷൻ എന്നിവരുടെ പേരുകളും പരിഗണനിയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...