ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു; പ്രകാശ്‌ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും

ജയിലിലെ സൗകര്യമനുസരിച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.   

Last Updated : Jun 8, 2019, 12:03 PM IST
ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു; പ്രകാശ്‌ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി സ്വര്‍ണ്ണക്കടത്തു കേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ്‌ തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.

ജയിലിലെ സൗകര്യമനുസരിച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡിആര്‍ഐയുടെ കസ്റ്റഡിയിലുള്ള പ്രകാശ്‌ തമ്പിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്‌പി ഹരികൃഷ്ണന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാന്‍ ഇന്ന് കോടതി അനുമതി നല്‍കിയത്. 

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി പരിശോധിച്ചത് എന്തിന്, ബാലഭാസ്കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്കറിന്റെ മരണശേഷം മൊബൈൽ ഫോൺ ക്രെഡിറ്റ് കാർഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചാകും പ്രകാശ് തമ്പിയിൽ നിന്ന് മൊഴിയെടുക്കുക.  

എന്നാല്‍ നിര്‍ണ്ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ ആരും കൊണ്ടുപോയിട്ടില്ലെന്ന് കൊല്ലത്തെ ജ്യൂസ്‌ കടക്കാരന്‍ മൊഴി മാറ്റിപറഞ്ഞത് ആരെയോ പേടിച്ചിട്ടാണെന്ന് ബാലുവിന്റെ അച്ഛന്‍ കെ.സി.ഉണ്ണി പറഞ്ഞു. ഈ ദൃശ്യങ്ങള്‍ പ്രകാശ്‌ തമ്പി കൊണ്ടുപോയെന്നാണ് ജ്യൂസ്‌ കടക്കാരന്‍ ഷംനാദ് ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് മാറ്റുകയായിരുന്നു. 

ഡിവൈഎസ്പി മാത്രമാണ് അന്വേഷണത്തിനായി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ വന്നിട്ടില്ലെന്നുമാണ് പിന്നീട് ഷംനാദ് മൊഴി നല്‍കിയത്.

അതിനിടയില്‍ ബാലഭാസ്ക്കറിന്‍റെ വണ്ടി ഓടിച്ച ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ നിന്നും മുങ്ങിയത് കേസിന്‍റെ ദുരൂഹത കൂട്ടുന്നു. ഇയാളില്‍ നിന്നും ഇന്നലെ മൊഴിയെടുക്കാനിരിക്കെയാണ് ഇയാള്‍ അസമിലേക്ക് കടന്നത്‌.

Trending News