തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമരഷനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ പ്രശ്‌നങ്ങൾക്ക് കാരണം ആർഎസ്എസ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആർഎസ്എസ് മനപ്പൂർവം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നതും സംഘപരിവാർ നിലപാടുകളാണ്. സമാധാനശ്രമങ്ങളുമായി ബിജെപിയും ആർഎസ്എസും സഹകരിക്കുന്നില്ല. സമാധാന ചർച്ചകൾക്ക് ബിജെപി തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകങ്ങളുടെ കാര്യത്തിൽ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂരിന് ആറാം സ്ഥാനമാണുള്ളത്. കണ്ണൂരിലെ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂരിലെ അക്രമം കേരളത്തിന് അപമാനമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് കെസി ജോസഫ് ആരോപിച്ചു. സിപിഐഎമ്മും ബിജെപിയും ആസൂത്രണം ചെയ്ത് നടത്തുന്ന ആക്രമങ്ങളാണ് കണ്ണൂരിലേതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ പട്ടാപ്പകല്‍ ജനങ്ങള്‍ നോക്കി നില്‍ക്കെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭീകരപ്രവര്‍ത്തനം പോലെയാണ് കണ്ണൂരില്‍ അക്രമം നടക്കുന്നത്. ബോംബ് നിര്‍മ്മാണം കുടില്‍വ്യവസായം പോലെയാണ്. മുഖ്യമന്ത്രി കണ്ണൂരിലെ പാര്‍ട്ടി അംഗങ്ങള്‍ക്കാണ് സാരോപദേശം നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍, ആര്‍എസ്‌എസിനെമാത്രം പഴിചാരി രക്ഷപെടേണ്ടെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.