മലപ്പുറം: വളാഞ്ചേരിയില്‍ ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മത്യ ചെയ്തത സംഭവത്തില്‍ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി. മലപ്പുറം ഡി.ഡി.ഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘ഞാന്‍ പോകുന്നു’ എന്ന് മാത്രമാണ് ഇതില്‍ എഴുതിയിരിക്കുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിക്കുകയും ചെയ്തിരുന്നു. കേടായ ടി.വി നന്നാക്കാന്‍ സാധിക്കാത്തതിനാലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്‍റെ വിഷമം കുട്ടി പറഞ്ഞിരുന്നെന്ന് മതാപിതാക്കള്‍ പറഞ്ഞു.
എന്നാല്‍, അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്ന് അമ്മ പറഞ്ഞിരുന്നു. ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി, ഉറങ്ങുകയാണ് എന്ന് കരുതിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്നാണ് അധ്യാപകര്‍ പറയുന്നത്.
ദളിത് കോളനിയിലാണ് താമസിക്കുന്നത്. lock down കാലത്തു വളരെ ദുരിതം അനുഭാവിച്ചിരുന്നു.
കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പഠന മികവിന് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിന് ദളിത്-ആദിവാസി വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.