തിരുവനന്തപുരം: UAE കോൺസുലേറ്റ് സ്വർണക്കടത്ത് കേസി(Gold Smuggling Case) ൽ രഹസ്യ വിവരം നൽകിയയാൾക്ക് പ്രതിഫലം കൈമാറിയാതായി സൂചന. 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയത്.
45 ലക്ഷം രൂപയാണ് വിവരം നൽകിയയാൾക്ക് ലഭിക്കുന്ന പ്രതിഫലം. ഇതിൽ 22.50 ലക്ഷം രൂപ അഡ്വാൻസായി നൽകിയെന്നാണ് വിവരം. എന്നാൽ, സ്വർണക്കടത്ത് കേസിൽ നിർണ്ണായകമായ വിവരങ്ങൾ കൈമാറിയ വ്യക്തിയാരെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ALSO READ || നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..
കസ്റ്റംസ് കമ്മീഷണർക്ക് മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയുള്ളൂ. കാർഗോ വിഭാഗം അസി. കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയത്. ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
സ്വർണക്കടത്തിനെ കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ നിന്നാണ് പ്രതിഫലം നൽകുന്നത്. രഹസ്യ വിവരം നൽകിയയാൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറൻസിയായ തുക കൈമാറും. പ്രതിഫലമായി നൽകുന്ന തുകയ്ക്ക് നികുതി ബാധകമല്ല.