മലപ്പുറം: നിലമ്പൂരില്‍ നിന്നുള്ള സിപിഎം സ്വതന്ത്ര എംഎൽഎ പി.വി അന്‍വറിന്‍റെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള വാട്ടർ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്തിന്‍റെ തീരുമാനം. പി.വി അന്‍വര്‍ പഞ്ചായത്തില്‍ സമർപ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഉപസമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷംമാത്രം നടപടി മതിയെന്നും ഭരണസമിതി തീരുമാനിച്ചു.
നേരത്തേ, വാട്ടർ തീം പാർക്കിന് അനുമതി നൽകിയതും കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു. പാർക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിനു ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി കണ്ടെത്തി.
പാർക്കിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 11നാണ് പഞ്ചായത്ത് ഉപസമിതി പാർക്ക് സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളും സെക്രട്ടറിയും ഉൾപ്പെട്ട ഉപസമിതിയുടെ കണ്ടെത്തൽ പാർക്കിന് അനുകൂലമായിരുന്നു.