ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.    

Last Updated : Apr 13, 2019, 07:38 AM IST
ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അഡി. ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി.ബാബുപോള്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.  സംസ്കാരം നാളെ വൈകുന്നേരം നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ നടക്കും. 

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു.

ഭരണ രംഗത്ത് മികച്ച് നില്‍ക്കുമ്പോഴും അദ്ദേഹം മികച്ച എഴുത്തുകാരനായും പ്രഭാഷകനായും അറിയപ്പെട്ടു. 19 വയസില്‍ ഒരു യാത്രയുടെ ഓര്‍മ്മകള്‍ എന്ന പുസ്തകം രചിച്ചുകൊണ്ടാണ് സാഹിത്യ മേഖലയിലേക്ക് കടക്കുന്നത്. മലയാളത്തിലെ ആദ്യ ബൈബിള്‍ ഡിക്ഷണറിയായ വേദശബ്ദരത്നാകരം ഏഴ് വര്‍ഷമെടുത്താണ് ബാബു പോള്‍ തയ്യാറാക്കിയത്. അതിന് 2000 ത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഡമാസ്ക്കസ് സെന്റ് എഫ്രയിം യൂണിവേഴ്സിറ്റി ബാബു പോളിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കിഫ്ബി ഭരണസമിതി അംഗമായിരുന്ന അദ്ദേഹം നവ കേരള നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉപദേശകനുമായിരുന്നു.

കേരളത്തിലെ ആദ്യ വൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായത് ബാബുപോളിന്‍റെ നേതൃത്വത്തിലായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.  സെക്രട്ടറിയേറ്റില്‍ ഡെപ്യുട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ 1971 ല്‍ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി ബാബുപോളിനെ നിയമിച്ചത്. ഇടുക്കി ജില്ല രൂപവത്കരിച്ചപ്പോള്‍ ആദ്യ കളക്ടറും അദ്ദേഹമായിരുന്നു.

Trending News