തിരുവനന്തപുരം: ജനുവരി 18 മുതല്‍ വൈദ്യുതിനിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷനിൽ ധാരണ. നിരക്ക് കൂട്ടാൻ സർക്കാരും പച്ചക്കൊടി കാട്ടി. എത്ര ശതമാനം വർധന വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
ഇതുസംബന്ധിച്ച് കമ്മിഷനിൽ ചർച്ച തുടരുകയാണ്. എന്നാൽ, വൈദ്യുതി ബോർഡ് ആവശ്യപ്പെട്ട വർധന അനുവദിക്കാനിടയില്ല. വരുന്ന നാലുവർഷം രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്.
ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജും കൂട്ടുന്നത് ഉൾപ്പെടെയാണിത്. ഇവ രണ്ടും ചേർത്ത് ഈ വർഷവും അടുത്തവർഷവും 10 ശതമാനവും 2020-21ൽ ഏഴുശതമാനവും ഉയർന്ന നിരക്കാണ് ബോർഡ് ആവശ്യപ്പെട്ടത്.
കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ നിരക്ക് കൂട്ടുന്നതിനെ ഉപഭോക്താക്കൾ എതിർത്തിരുന്നു. എന്നാൽ, ബോർഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്കുകൂട്ടാനാണ് കമ്മിഷനിലെ ധാരണ. ബോർഡിന്റെ വരുമാനം വർധിപ്പിക്കണമെന്ന നിലപാടാണ് സർക്കാരും സ്വീകരിച്ചത്.
ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, നിരക്ക് പരിഷ്കരണ നടപടികൾ പൂർത്തിയാകാത്തതിനാൽ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാർച്ചുവരെ നീട്ടി. 18-ന് പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ഈ മാസം ഒന്നുമുതൽ മുൻകാലപ്രാബല്യം നൽകാനും സാധ്യതയുണ്ട്.