തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും കൊണ്ട് തമിഴ്നാട് ക്യു ബ്രാഞ്ച് തെളിവെടുപ്പ് ആരംഭിച്ചു.
ഇന്നലെ രാത്രിയിലാണ് പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്‌പോസ്റ്റില്‍ കൊണ്ടുവന്നും തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ മുഖ്യപ്രതികളായ ഷെമീം, തൗഫിക്ക് എന്നിവരെ 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
അതിനിടയില്‍ ഈ കൊലപാതക കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫീഖ് എന്നിവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്.
തങ്ങളുടെ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. കൊലപാതകത്തിനായി കളിയിക്കാവിള ചെക്‌പോസ്റ്റ് തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടാണെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇവര്‍ കുറ്റം സമ്മതിച്ചെങ്കിലും ഗൂഡാലോചനയെ കുറിച്ചോ അല്ലെങ്കില്‍ സഹായം നല്‍കിയവരെ കുറിച്ചോ ഒരു വിവരവും നല്‍കിയിട്ടില്ല. മാത്രമല്ല കൊലപാതകത്തിന് ഉയോഗിച്ച തോക്കും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവര്‍ക്കെതിരെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു.
എഎസ്എയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസ് നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുള്ള സുരക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.