പാറ്റ്നയിൽ റെയിൽവേ കോച്ച് രവി സിംഗിന്‍റെ ശാരീരിക മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദേശീയ ബാസ്കറ്റ് ബോൾ താരവും റെയിൽവേ ജീവനക്കാരിയുമായ കെ.സി ലിതാരയുടെ മാതാപിതാക്കൾ മകളുടെ ഘാതകരെ ബീഹാർ പോലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ്. ദയനീയമായ സാഹചര്യമാണ് ലി താരയുടെ വീട്ടിൽ. മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇനിയൊരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. ലിതാരക്കു നേരെ കോച്ച് രവി സിംഗ് മോശമായി പെരുമാറിയതിനെ തുടർന്ന് നേരത്തെ കോച്ചിനെ അവർ അടിച്ചിരുന്നു.
തുടർന്ന് പലപ്പോഴും കോച്ച് രവി സിംഗ് ലിതാരയെ ജോലിയിൽ നിന്നടക്കം പുറത്താക്കാൻ ശ്രമിച്ചു. പലപ്പോഴും ഒറ്റക്ക് പ്രാക്ടീസിനെത്താൻ നിർബന്ധിച്ചു. ഇതിന് ലിതാര തയാറായില്ല. കോച്ചിന് വഴങ്ങുകയോ ജോലിയോ എന്ന ചോദ്യത്തിന് മുന്നിൽ ലിതാര തിരഞ്ഞെടുത്ത വഴിയാണ് ആത്മഹത്യ. ലിതാരയുടെ അമ്മാവൻ രാജീവൻ്റെ പരാതിയെ തുടർന്ന് പാറ്റ്ന രാജീവ് നഗർ പോലീസ് 185/2022 ആയി 27/4/22 ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി IPC 306 പ്രകാരം കേസ്സെടുത്തിട്ടുണ്ട്. ലിതാരയുടെ ബന്ധുക്കൾ എത്തുന്നതിന് മുമ്പുതന്നെ പോസ്റ്റ്മോർട്ടം നടത്തിയത് ദുരൂഹമാണെന്ന് ബന്ധുവായ നിശാന്ത് കൃഷണൻ പറയുന്നു.
എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സംഭവം മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ഓഫിസിന്‍റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് പാറ്റ്ന സീനിയർ എസ്.പി തന്നെ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. തെളിവുകൾ ലഭിക്കുന്ന മുറക്ക് കോച്ചിൻ്റെ അറസ്റ്റുണ്ടാവുമെന്ന് എസ്.എസ് പി അറിയിച്ചിട്ടുണ്ട്. മുഖ്യ മന്ത്രി പിണറായി വിജയൻ ബീഹാർ മുഖ്യമന്ത്രിക്ക് ഇത് സംബഡിച്ച് അടിയന്തിര നടപടി ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. ലിതാരയുടെ ജോലിയുടെ ബലത്തിൽ ബാങ്കിൽ നിന്നും വായ്പയെടുത്ത 15 ലക്ഷം രൂപയടക്കം ഉപയോഗിച്ച് നിർമിച്ച വീട് പാതിവഴിയിലാണ്.
അവളില്ലാതെ ഇനിയെന്തിന് വീടെന്നാണ് പിതാവ് കരുണൻ ചോദിക്കുന്നത്. ഉള്ള ബാങ്ക് ലോൺ എങ്ങനെ തിരിച്ചടയ്ക്കുമെന്നതാണ് കുടുംബത്തെ അലട്ടുന്ന ഒരു പ്രശ്നം. കാൻസർ രോഗിയായ ലിതാരയുടെ അമ്മ ലളിതയുടെ ചികിത്സക്ക് തന്നെ പണം കണ്ടെത്താൻ കഴിയാത്ത രോഗിയായ അച്ഛൻ കരുണൻ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ലിതാരയുടെ വസതി എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സന്ദർശിച്ചു. എൽ.ജെ.ഡി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് കെ.എം ബാബു, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് വാസു മാസ്റ്റർ, യുവ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവർക്കൊപ്പമാണ് സന്ദർശനം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...