തൃശൂർ: തൃശൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛർദ്ദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ എഴുപതോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയത്.
അഞ്ഞൂറിലേറെ കുട്ടികൾ താമസിച്ച് പഠിക്കുന്ന വിദ്യാലയമാണ് നവോദയ സ്കൂൾ. എഴുപതിൽ അധികം കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തും.
പത്തനംതിട്ടയിൽ ഭക്ഷ്യ വിഷബാധ; 13 വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ
പത്തനംതിട്ട: വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. 13 വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഇവരെ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരി 6 വെള്ളിയാഴ്ച്ച സ്‌കൂളിൽ സ്‌കൂൾ വാർഷികത്തോട് അനുബന്ധിച്ച് ചിക്കൻ ബിരിയാണി വിതരണം ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്.
ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് അനുമാനം. വിദ്യാർഥികൾക്കും അധ്യാപികയ്ക്കും കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പത്തനംത്തിട്ടയിലെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിക്കുകയായിരുന്നു. ചിക്കൻ ബിരിയാണി കഴിച്ച ദിവസം കുട്ടികൾക്കോ, അധ്യാപികയ്‌ക്കോ പ്രശ്‌നം ഉണ്ടായില്ല.
അടുത്ത ദിവസം മുതലാണ് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടാകാൻ ആരംഭിച്ചത്. അതേസമയം ബിരിയാണി രാവിലെ 11 മണിക്ക് തന്നെ സ്‌കൂളിൽ എത്തിച്ചെന്നും എന്നാൽ വിതരണം ചെയ്തത് ആറ് മണിക്ക് മാത്രമാണെന്നും ബിരിയാണി നൽകിയ ഹോട്ടൽ ഉടമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...