Munnar: വീടുകളിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യ പ്രതി പിടിയിൽ

Munnar Fraud Case: എറണാകുളം കടവന്തറ ഭാഗത്ത് കോട്ടോലക്സ് എക്സ്പോർട്ട് കമ്പനി എന്ന പേര് ഉപയോഗിച്ചാണ് പ്രതിയായ സബിൻ രാജ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 07:38 PM IST
  • സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് എത്തുന്ന സബിനും സംഘവും യൂണിറ്റുകൾ ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങുന്നതോടൊപ്പം അത് വിദേശരാജ്യങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തി വരുമാനമുണ്ടാക്കി തരാമെന്ന് അംഗങ്ങളെ വിശ്വസിപ്പിക്കും.
Munnar: വീടുകളിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യ പ്രതി പിടിയിൽ

മൂന്നാർ: വീടുകളിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുകയും വിദേശരാജ്യങ്ങളിൽ കയറ്റുമതി ചെയ്തു വിൽപ്പന നടത്താമെന്നും പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി മൂന്നാറിൽ പിടിയിലായി. എറണാകുളം ചോറ്റാനിക്കര ദർശന ഹൗസിൽ ബാലകൃഷ്ണക്കുറുപ്പിന്റെ മകൻ സബീൻ രാജ് (32) നെയാണ് മൂന്നാർ പോലീസ് പിടികൂടിയത്. തട്ടിപ്പിനിരയായ എറണാകുളം സ്വദേശി ജിബിൻ രാജ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് എറണാകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മൂന്നാറിൽ ഉണ്ടെന്ന് കണ്ടെത്തുകയും ഇയാളെ മൂന്നാർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. ജിബിൻ രാജന് രണ്ട് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. മൂന്നാറിൽ കുടുംബശ്രീ  അംഗങ്ങളും തട്ടിപ്പിന് ഇരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.  സംഭവത്തെക്കുറിച്ച് മൂന്നാർ പോലീസും അന്വേഷണം നടത്തി വരികയാണ്. എറണാകുളം കടവന്തറ ഭാഗത്ത് കോട്ടോലക്സ് എക്സ്പോർട്ട് കമ്പനി എന്ന പേര് ഉപയോഗിച്ചാണ് പ്രതിയായ സബിൻ രാജ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 

സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് എത്തുന്ന സബിനും സംഘവും യൂണിറ്റുകൾ ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങുന്നതോടൊപ്പം അത് വിദേശരാജ്യങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തി വരുമാനമുണ്ടാക്കി തരാമെന്ന് അംഗങ്ങളെ വിശ്വസിപ്പിക്കും. തുടർന്ന് അംഗങ്ങൾക്ക് എക്സ്പോർട്ടിങ് സംബന്ധിച്ചുള്ള പരിശീലനം നൽകും. ഇതിനായി ഒരു ക്ലാസിന് 7500 രൂപയാണ് പ്രതി ഈടാക്കിയിരുന്നത്. ഇത് കൂടാതെ പൊതുവിപണിയിൽ വെബ്സൈറ്റ് മുഖേന സാധനങ്ങൾ പരിചയപ്പെടുത്തുന്നതിന് വെബ്സൈറ്റ് തുടങ്ങുന്നതിന് മറ്റൊരു തുകയും അംഗങ്ങളുടെ പക്കൽ നിന്നും വാങ്ങും. ഇത്തരത്തിൽ നിരവധി പേരിൽ നിന്നും മൂന്നാറിൽ പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പായെന്ന് മനസിലായതോടെ സ്ത്രീകളടങ്ങുന്ന സംഘം സ്റ്റേഷനിലെത്തുകയും പണം മടക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: കോഴിക്കോട് മരിച്ച രണ്ട് പേർക്കും നിപ്പ, സ്ഥിരീകരിച്ച് കേന്ദ്രം

ആദ്യം പ്രതിയുടെ സംഘത്തിലെ ഒരാൾ അതാത് പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്സിനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും.  ഇവരെ വിശ്വാസത്തിൽ എടുത്തശേഷം കുടുംബശ്രീ അംഗങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും അംഗങ്ങളെ ഉൾപ്പെടുത്തി ട്രെയിനിങ് ക്ലാസ് നടത്തുകയുമാണ് ചെയ്യുന്നത്. മൂന്നാറിൽ മാത്രം ഇത്തരത്തിൽ ഏഴോളം ക്ലാസുകൾ ഇയാൾ നടത്തിയിരുന്നതാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.മൂന്നാറിലെ സിഡിഎസ് ചെയർപേഴ്സൺ അംഗങ്ങളെ ഉപയോഗിച്ച് നടത്തിയ ആദ്യ ട്രെയിനിങ്ങിന്റ സർട്ടിഫിക്കറ്റ് വിതരണം ആർഡിഒ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽവെച്ച് ദേവികുളം  സബ് കളക്ടറെ ഉപയോഗിച്ചാണ് ഉദ്ഘാടനം  നടത്തിയത്. ഇത് കുടുംബശ്രീ അംഗങ്ങളെ വിശ്വാസത്തിൽ എടുക്കാൻ വേണ്ടിയായിരുന്നു.മൂന്നാർ സി ഐ രാജൻ കെ അരമനയുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ എറണാകുളം എസ് ഐ കെ വി ഉണ്ണികൃഷ്ണൻ സിപിഒ സുമേഷ് എന്നിവർക്ക് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News