കൊച്ചി: 11 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ച ബിനീഷ് കോടിയേരി വീണ്ടും ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ബിനീഷിന് ക്ലീൻ ചിട്ട് നൽകിയിട്ടില്ലയെന്നും താൽക്കാലികമായിട്ടാണ് ബിനീഷിനെ വിട്ടയച്ചതെന്നും എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.
ബിനീഷിന്റെ മൊഴികൾ പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്വർണ്ണക്കള്ളക്കടത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവ അന്വേഷിക്കുന്ന ഇഡി സംഘമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഒരു മാസമായി ഇഡി നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാൻ ഇഡിയുടെ ചെന്നൈ ജോയിന്റ് ഡയറക്ടർ ജയഗണേഷും എത്തിയിരുന്നു.
Also read: പാലത്തായി പീഡന൦: ഇരയുടെ മാതാവ് നല്‍കിയ ഹര്‍ജി തള്ളി, പത്മരാജന്‍റെ ജാമ്യം റദ്ദാക്കില്ല
ബിനീഷിന്റെ മൊഴി ഇതുവരെ ലഭിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ടുമായി താരതമ്യം ചെയ്യും. ഇതിനുശേഷമായിരിക്കും അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് എന്നാണ് സൂചന. UAE കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2 കമ്പനികളായ ബി കാപ്പിറ്റൽ ഫൈനാൻഷ്യൽ സൊല്യൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നിവയുടെ സാമ്പത്തിക ഇടപ്പാടുകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ അന്വേഷണം.
അന്വേഷണ ഏജൻസിയുടെ അഭിപ്രായമനുസരിച്ച് ഈ കമ്പനികൾ അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ്. ഇതിനിടയിൽ ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.