ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കില്ല

സര്‍ക്കാരിന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം ശരിവച്ച്‌ ഹൈക്കോടതി.

Last Updated : Aug 13, 2019, 02:03 PM IST
ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: സര്‍ക്കാരിന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം ശരിവച്ച്‌ ഹൈക്കോടതി.

മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടി തളളി. 

രക്തത്തില്‍ മദ്യത്തിന്‍റെ അംശമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്നും മദ്യപിച്ചുവെന്നതിന് തെളിവായി സാക്ഷിമൊഴികള്‍ മാത്രമേ ഉള്ളുവെന്നും അതിനാല്‍ മനഃപൂര്‍വമുളള നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

മദ്യപിച്ച്‌ വാഹനമോടിച്ചാണ് ശ്രീറാം അപകടം ഉണ്ടാക്കിയതെന്നും നരഹത്യ കുറ്റം നിലനില്‍ക്കുമെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ രക്തപരിശോധനയില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ലെന്നും നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. 

അതേസമയം ശ്രീറാം ഓടിച്ച കാറിന്‍റെ വേഗം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നാളെ നടത്തും. 

അന്വേഷണത്തില്‍ തുടക്കത്തിലെ വീഴ്ചപറ്റിയെന്ന് കോടതി വിമര്‍ശിച്ചിരുന്നു. 

അതേസമയം, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശ്രീറാമിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് സംഘം നടത്തിയ പരിശോധനയില്‍ ശ്രീറാമിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ആരോഗ്യനില മെച്ചപ്പെട്ടതോടെ നാലു ദിവസം മുന്‍പ് ശ്രീറാമിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു. ബഷീറിന്‍റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 

കേസന്വേഷണത്തില്‍ പോലീസ് പ്രൊഫഷണലിസം കാണിച്ചില്ല. ശ്രീറാമിന്‍റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയാണ്. അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് വ്യക്തമായ പദ്ധതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Trending News