ഫോണ്‍കെണിക്കേസ്: ശശീന്ദ്രന്‍റെ തിരിച്ചുവരവ് വൈകും

  

Last Updated : Nov 28, 2017, 11:54 AM IST
ഫോണ്‍കെണിക്കേസ്: ശശീന്ദ്രന്‍റെ തിരിച്ചുവരവ് വൈകും

കൊച്ചി: വിവാദ ഫോൺകെണി കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രന് വീണ്ടും തിരിച്ചടി. ശശീന്ദ്രന്‍റെ മന്ത്രിസഥാനത്തേക്കുളള തിരിച്ചുവരവ് വൈകും. ശശീന്ദ്രന്‍റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്  വീണ്ടും പരിഗണിച്ചത്. 

ജുഡീഷ്യല്‍ കമ്മീഷന്‍റെ ടോംസ് ഓഫ് റഫറന്‍സ് എന്തൊക്കെയെന്നും അതിന്‍റെ പകര്‍പ്പ് ഹാജരാക്കാനും കോടതി സര്‍ക്കാരിന്  നിര്‍ദേശം നല്‍കി. ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് ആവശ്യമില്ലെന്നും കോടതി പറഞ്ഞു. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ മറ്റൊരു ഹര്‍ജി കൂടി ഹൈക്കോടതിയില്‍ പരിഗണനക്കെത്തി. തൃശ്ശൂര്‍ സ്വദേശി തോമസ് ജോര്‍ജാണ് ഹര്‍ജിക്കാരന്‍. നേരത്തെ മഹിളാമോര്‍ച്ചയും കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിരുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്നാണ് ഹർജിയിൽ പരാതിക്കാരിയായ മാധ്യമ പ്രവർത്തക ആവശ്യപ്പെട്ടത്. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

 

 

Trending News