തിരുവനന്തപുരം: പഴകിയ മത്സ്യം ഫ്രഷ് ആയി ഇരിക്കാനും മത്സ്യം ദീർഘനാൾ കേടാകാതെ ഇരിക്കാനും ഫോർമാലിൻ, അമോണിയ പോലുള്ള മാരക രാസവസ്തുക്കളാണ് ചേർക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഇത്തരത്തിൽ പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മീനുകൾ പലയിടങ്ങളിൽ നിന്നും പിടികൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം രാസവസ്തുക്കൾ ചേർത്ത മത്സ്യം, ഭക്ഷിക്കുന്നതിലൂടെ മാരകമായ രോഗങ്ങളാണ് ഉണ്ടാകുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മത്സ്യങ്ങളിലാണ് രാസവസ്തുക്കൾ ചേർക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന വ്യവസ്ഥയുടെയും വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം എന്നിവയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന അസുഖങ്ങളിലേക്ക് നയിക്കും.
ALSO READ: ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത് 1925 കിലോ കേടായ മത്സ്യം
- നല്ല മീനിന് വൃത്താകൃതിയിലുള്ളതും തിളങ്ങുന്നതുമായ കണ്ണുകളായിരിക്കും. കുഴിഞ്ഞ്, ഇളം നീല നിറത്തിലുള്ള മീനാണെങ്കിൽ പഴകിയതാണ്.
- രക്തവർണമുള്ള ചെകിളപ്പൂവുള്ള മീൻ പുതിയതാണ്. ചെകിളപ്പൂക്കൾ ഇരുണ്ട നിറത്തിലാണ് കാണപ്പെടുന്നതെങ്കിൽ മീൻ പഴകിയതാണ്.
- മീനിന്റെ ഉൾഭാഗം വൃത്തിയാക്കുമ്പോൾ വരുന്നത് ചുവന്ന നിറമാണോയെന്ന് ശ്രദ്ധിക്കണം. ചുവന്ന രക്തമാണെങ്കിൽ നല്ല മീനും ഇരുണ്ട കൊഴുത്ത രക്തമാണെങ്കിൽ ചീഞ്ഞ മീനുമാണ്.
- മീനിന്റെ മാംസത്തിൽ വിരൽ അമർത്തുമ്പോൾ ദൃഢത ഉണ്ടെങ്കിൽ കേടാകാത്ത മീനാണ്. എന്നാൽ മാംസം താഴ്ന്ന് പോകുകയാണെങ്കിൽ മീൻ ചീഞ്ഞതാണ്. എന്നാൽ മീനിന്റെ മാസം തൊട്ടുനോക്കുമ്പോൾ തീരെ താഴ്ന്ന് പോകാതിരിക്കുന്നതും അപകടമാണ്. രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ മാംസം സാധാരണയേക്കാൾ കവിഞ്ഞ് കട്ടിയും ഉറപ്പും ഉള്ളതാകും.
- ചീഞ്ഞിന് തുടങ്ങിയ മീനിന് രൂക്ഷ ഗന്ധമുണ്ടാകും. ചീഞ്ഞ മീനിന്റെ നാറ്റം മനസ്സിലാക്കാൻ സാധിക്കും. മായം കലർന്ന മീനാണെങ്കിൽ സ്വാഭാവിക മണം നഷ്ടപ്പെടും. രൂക്ഷമായ ഗന്ധമാണ് രാസവസ്തുക്കൾ ചേർത്ത മീനിൽ നിന്നുണ്ടാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...