കൊച്ചി: തന്നെ മന:പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നാണ് ഹനാന്‍ പറയുന്നത്.
അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്‍റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു, എക്സ്ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്‍റെ വീഡിയോ എടുത്തു. ആരാണ് അവരെ വിവരം അറിയിച്ചതെന്ന് പോലും അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന സ്ഥലത്തെത്തി. എന്നോട് ചോദിക്കാതെ അവിടെ നിന്ന് ഫേസ്ബുക്കില്‍ ലൈവ് ചെയ്തു. ഇപ്പോഴും അവര്‍ ശല്യം ചെയ്യുന്നുണ്ട്- ഹനാന്‍ പറയുന്നു.
നിയന്ത്രണം വിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചെന്നാണ് ഡ്രൈവര്‍ പറയുന്നത്. അപകടത്തില്‍ ഹനാന്‍റെ നട്ടെല്ലിന്‍റെ കശേരുവിന് പൊട്ടലുണ്ട്.
അതേസമയം, ചികിത്സയില്‍ കഴിയുന്ന ഹനാനെ കാണാനായി അച്ഛന്‍ ഹമീദ് ആശുപത്രിയിലെത്തി. ഒന്നര വര്‍ഷത്തിനു ശേഷമാണ് അച്ഛനെ കാണുന്നതെന്നും ഇനി താന്‍ അനാഥയല്ലെന്നും ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാനാന്‍റെ അപകട വിവരം ടിവിയില്‍ കണ്ടറിഞ്ഞാണ് ഹമീദ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിയത്.