ഇവൾ കാചൽ ജനിത് , നിറം സൗന്ദര്യത്തിന്റെ അളവുകോലാക്കിയ സമൂഹത്തിന് മുമ്പിൽ പുഞ്ചിരിച്ച് തല ഉയർത്തി മറുപടി കൊടുത്തവൾ. ലോകം ഇത്രയധികം പുരോഗമിച്ചിട്ടും നിറത്തിന്റെ പേരിലുള്ള വിവേചനം ഇന്നും സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് . കറുപ്പും വെളുപ്പും വേർതിരിച്ച് കാണുന്ന ഇന്നത്തെ പൊളളയായ ചിന്താഗതിക്ക് മറുപടി കൊടുക്കുന്നത് വിവേചനം അനുഭവിക്കുന്ന പലരും ഇത് തുറന്നു പറഞ്ഞ് കൊണ്ടായിരിക്കണം. ഇങ്ങനെ ഒന്നും പറയാതെ ഉളളിൽ ഒതുക്കി കൊണ്ടുമാത്രം പലപ്പോഴും പല സത്യങ്ങളും പുറംലോകം അറിയാതെ പോകുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ കാജൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാജലിനെ ആളുകൾ തിരിച്ചറിഞ്ഞത്. ആപോസ്റ്റ് ഇങ്ങനെ 'ഞാൻ കാജൽ ജനിത് . പത്തിൽ പഠിക്കുന്നു. ഞാനെന്താണോ എങ്ങിനെയാണോ അതിൽ ഞാൻ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല.'
ഈ വാക്കുകൾ ഒരു കൊച്ചു കുട്ടിയിൽ നിന്നും വന്നതാണെങ്കിലും അത് ഒരു ആത്മവിശ്വാസത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്. കാജൽ കുട്ടിക്കാലം മുതൽ തന്നെ നിരവധി തവണ കറുപ്പ് നിറത്തിന്റെ പേരിൽ പരിഹാസങ്ങൾ കേട്ടാണ് വളർന്നത്. അന്ന് ഒരു പാട് വിഷമമായിരുന്നു. ക്ലാസിൽ പോകാതെ നിന്നിരുന്നു. ആരോടും സംസാരിക്കില്ലായിരുന്നു എന്നും കാജൽ പറഞ്ഞു. പക്ഷേ വളരും തോറും കേട്ട നെഗറ്റീവ് കമന്റുകൾ എല്ലാം പോസിറ്റീവായി എടുത്തു തുടങ്ങി .
മൂന്നാം ക്ലാസ് മുതൽ റെസ്ലിങ്ങിലും പ്രാക്ടീസ് തുടങ്ങി. അങ്ങനെ പ്ലസ് വണ്ണിൽ എത്തിയപ്പോൾ ബോഡിബിൽഡിങ്ങിൽ മികച്ച നേട്ടവും സ്വന്തമാക്കി കാജൽ. മനസ്സിന് സന്തോഷവും ആത്മവിശ്വാസവും തരുന്ന ഒന്നാണ് റെസ്ലിങ്ങ് പ്രാക്ടീസ്. കോച്ച് സതീഷ് സഹദേവൻ സാറിനോട് ഒരുപാട് സ്നേഹം കാജലിന് എന്നും ഉണ്ട്.
കാജലിന് പിന്നൊരിഷ്ടം ആഹാരത്തോടാണ്. നന്നായി ആസ്വദിച്ച് ആഹാരം കഴിക്കുന്ന ഒരാളാണ് കാജൽ അതുപോലെ തന്നെ പാചകവും വളരെ ഇഷ്ടമാണ്. പഠനത്തിന് ശേഷം ജീവിതത്തിൽ മനസ്സിന് സന്തോഷം കിട്ടുന്ന ജോലി ചെയ്യണമെന്നാണ് കാജലിന്റെ ആഗ്രഹം. അതിൽ പ്രധാനം ഒരു ഷെഫ് ആകുക എന്നതാണ്. സിനിമകാണാനും പിന്നെ വണ്ടികളോടും കാജലിന് വലിയ താത്പര്യം ആണ്.
ചെറുതായിരുന്നപ്പോൾ മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക തുറിച്ചു നോട്ടങ്ങളും വെളുക്കാൻ നൽകുന്ന ഉപദേശങ്ങളും ഒരുപാട് കേട്ടാണ് കാജൽ വളർന്നത്. വസ്ത്രങ്ങൾ പോലും കറുത്തത് ഉപയോഗിക്കരുതെന്ന് ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്. ഇതിനോടുളള പ്രതികരണം എന്താണ് എന്ന് ചോദിച്ചപ്പോൾ ഉത്തരം വളരെ അത്ഭുതപ്പെടുത്തി.
''അനുകൂല സാഹചര്യങ്ങളിലൂടെ മാത്രം ജീവിച്ചു വന്ന ഒരാളല്ല ഞാൻ,ഒരുപാടൊന്നും അനുഭവങ്ങളില്ലെങ്കിലും. ഒരു വ്യക്തി, ഒരു പെൺകുട്ടി എന്നാ നിലയിൽ കഴിയുന്നതും അവനവന്റെ കാര്യങ്ങൾക്കു മറ്റുള്ളവരെ ഒരു പരിധിവരെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം'' എന്നായിരുന്നു മറുപടി.
സമൂഹത്തിൽ മാറ്റം വരണമെന്ന് കാജൽ മാത്രമാല്ല ഒരു സമൂഹം തന്നെ ആഗ്രഹിക്കുന്നു. തന്റെ ആഗ്രഹങ്ങൾ തിരഞ്ഞെടുക്കാനും അത് പിന്തുടരാനും കൂടെയുള്ള മാതാപിതാക്കൾ കാജലിന്റെ കരുത്തുറ്റ തീരുമാനങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ തുടർന്ന് വന്ന നിറത്തിന്റെ മേൽക്കോയ്മയും, ആവർത്തന വിരസതയും മാറ്റിയെടുത്ത കാജലിനെ പലരും ഒരു റോയൽ മോഡൽ ആയി തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ, “ഇരുണ്ടതിന്റെ പേരിൽ മോഡലിംഗ് നിഷിദ്ധമാണെന്ന സ്റ്റീരിയോടൈപ്പ് തകർക്കുകയാണ് ആ ഫോട്ടോഷൂട്ട്. അവർ എനിക്ക് നൽകിയ പ്രചോദനവും ആത്മവിശ്വാസവും എനിക്ക് എന്നും ഉണ്ടാകും. തന്റെ ചിത്രങ്ങൾ എടുത്തവർക്ക് നന്ദിയും.” കറുത്ത വസ്ത്രം ധരിക്കരുതെന്ന് അമ്മയോട് പറഞ്ഞ എന്റെ ബന്ധുക്കളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു, “എന്റെ കറുപ്പ് അവർ എങ്ങനെ കണ്ടു” എന്നും കാജൽ പറയുന്നു. എന്റ ഫോട്ടോ ഷൂട്ട് കളിയാക്കിയവരോടുളള മറുപടി ആണെന്നും കാജൽ പറഞ്ഞു.
കറുത്ത വർഗക്കാരിയായ പെൺകുട്ടിയുടെ യഥാർത്ഥ സൗന്ദര്യം അവതരിപ്പിക്കുന്ന കാജലിന്റെ ഫോട്ടോഷൂട്ട്, പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഇരുണ്ട പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങളെയും വെല്ലുവിളിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...