ജിഷ വധം:ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍

Last Updated : May 25, 2016, 10:58 PM IST
ജിഷ വധം:ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍

പെരുമ്പാവൂരില്‍ കഴിഞ്ഞ മാസം ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത്. ആ നേതാവിന്റെ സ്വന്തം മകളാണ് ജിഷയെന്നും ഇക്കാര്യം ലോകം അറിയാതിരിക്കാന്‍ പ്രസ്തുത നേതാവിന്‍റെ അറിവോടെ ജിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ജോമോന്‍ പുത്തന്‍ പുരക്കല്‍ ആരോപിക്കുന്നു 

ജിഷയുടെ കൊലപാതകം സംബന്ധിച്ച് പ്രസ്തുത നേതാവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന് ജോമോന്‍ ഇന്ന്  ഇ-മെയില്‍ വഴി കത്തയച്ചിരുന്നു. . ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി ആ നേതാവിന്‍റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് കത്തില്‍ പറയുന്നു.  മകളെന്ന നിലയില്‍ ജിഷ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിച്ചു. തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജിഷ അതിദാരുണമായും മൃഗീയവുമായി കൊലചെയ്യപ്പെട്ടതെന്നാണ് ജോമോന്‍ കത്തില്‍ സൂചിപ്പിക്കുന്നത്.ഈ കത്ത് ഫേസ്ബുക്കിലൂടെ ജോമോന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കത്തിന്‍റെ പൂര്‍ണ രൂപം 

ജിഷവധം - മുഖ്യമന്ത്രിയ്ക്ക് ഇന്ന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം
സര്‍,
പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്‍റെ വീട്ടില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.
മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 

അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ടില്‍ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്‍റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍  പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചു വിടുകയാണ്.രാജ്യത്തെ തന്നെ നടുക്കിയ കൊലക്കേസ്സായിട്ട് പോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്‍റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്.

പോസ്റ്റുമാര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടി എസ്.ഐയും സി.ഐ യും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരപൂര്‍വ്വം
25.5.2016
തിരുവനന്തപുരം
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

Trending News