കൊച്ചി: കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിൻ്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ എൽഡിഎഫിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവച്ചിരിക്കുകയാണ്.
ജോസ് കെ.മാണിയെ മുന്നണിയിലെത്തിക്കാൻ സിപിഎം രഹസ്യചർച്ചകൾ നടത്തുന്നതിനിടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിപിഐ. ഇതിനെ തടയിടാൻ, നിലവിൽ എൽഡിഎഫിലുള്ള ഏതെങ്കിലുമൊരു കേരളാ കോൺഗ്രസുമായി ലയിപ്പിക്കാനാണ് പുതിയ നീക്കം.
ഇതിനിടെയാണ് ഈ നീക്കത്തെ എതിർത്ത് ജനാധിപത്യ കേരളാ കോൺഗ്രസ് രംഗത്തെത്തിയത്. ജനാധിപത്യ കേരളാ കോൺഗ്രസുമായി ലയിച്ച് മുന്നണിയിൽ പ്രവേശിക്കാമെന്ന ജോസ് കെ.മാണിയുടെ നീക്കം വിലപ്പോകില്ലെന്ന് കേരള ജനാധിപത്യ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് ഗീവർ പുതുപ്പറമ്പിൽ ഫേയ്സ്ബുക്കിലൂടെ തുറന്നടിച്ചു.
ആരുമായും ലയനനീക്കത്തിനോ, ചർച്ചയ്ക്കോ പാർട്ടി തയ്യാറല്ല. എന്ത് നിലപാടിൻ്റെ അടിസ്ഥാനത്തിലാണോ ഈ പാർട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നതെന്നും ഗീവർ പുതുപ്പറമ്പിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പിണറായി സർക്കാരിൻ്റെ അധികാര തുടർച്ചയാണ് തെളിയിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന രാഷ്ട്രീയ ചർച്ചകളും തർക്കങ്ങളും മുന്നണിക്ക് ദോഷം ചെയ്യും.
പക്ഷെ മുന്നണിയെ ശക്തിപ്പെടുത്താൻ സമാനചിന്താഗതിയുള്ളവർ എൽഡിഎഫിലേയ്ക്ക് വരുന്നതിനെ പാർട്ടി സ്വാഗതം ചെയ്യുന്നുണ്ട്. എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം മാനിച്ചുകൊണ്ട്, എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചർച്ച നടത്തി വേണം മുന്നണി പ്രവേശനം യാഥാർത്ഥ്യമാക്കാവൂവെന്നും പോസ്റ്റിൽ ഓർമിപ്പിക്കുന്നു.
"അധികാര കൊതി മൂത്ത് ചിലർ പാർട്ടിയിൽ നിന്ന് പുറത്തുപോയെന്ന" ഫെയ്സ് പോസ്റ്റിലെ പരാമർശം ഫ്രാൻസിസ് ജോർജിനെതിരായ വിമർശനമാണ്.