കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളുള്‍പ്പെടെ 242 കേസ്സുകളില്‍ കൂടി സുരേന്ദ്രനെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.   

Last Updated : Apr 4, 2019, 09:32 AM IST
കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയത്ത് സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും പത്രിക സമര്‍പ്പിക്കുന്നത്.  

ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളുള്‍പ്പെടെ 242 കേസ്സുകളില്‍ കൂടി സുരേന്ദ്രനെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 

ഇന്നാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി. നേരത്തേ 20 കേസ്സുകളില്‍ സുരേന്ദ്രനെ സര്‍ക്കാര്‍ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെല്ലാം സുരേന്ദ്രന്‍ ജാമ്യം എടുത്തിരുന്നു.

അതുകൊണ്ടുതന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ 20 കേസുകളെയുള്ളൂവെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയതും.  എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക തള്ളിപോകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഇന്ന് വീണ്ടും പത്രിക സമര്‍പ്പിക്കുന്നത്.

സർക്കാർ ഉണ്ടെന്ന് പറയുന്ന ഇത്രയധികം കേസുകളിൽ സമൻസോ, വാറന്‍റോ തനിക്ക് കിട്ടിയില്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മാത്രമല്ല പത്തനംതിട്ടയിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നടപടിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

ശബരീശന്റെ മണ്ണില്‍ തോറ്റുകൊടുക്കാനാവില്ലെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള സുരേന്ദ്രന്‍റെ പ്രതികരണം. ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനംതിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തിരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 243 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുന്നു. 

അതേസമയം, കള്ളക്കേസുകളില്‍ കുടുക്കി കെ സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. ഇത്രയേറെ കേസുകള്‍ ചുമത്തിയിട്ട് നോട്ടീസയക്കാതിരുന്നത് കെ സുരേന്ദ്രന്റെ പത്രിക തള്ളിക്കളയിക്കാനുള്ള ഗൂഢ ശ്രമമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടു സെറ്റു പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്ന സമയത്തു കേസുകളെ പറ്റി അറിവുണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി രണ്ടു സെറ്റു പത്രികകള്‍ കൂടി സമര്‍പ്പിക്കും. അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Trending News