എറണാകുളം: കുത്തേറ്റയാൾ ചികിത്സ കിട്ടാതെ മരണപ്പെട്ടതോടെ ചർച്ചാവിഷയമായ കാലടി സമൂഹ്യാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിൽ രാവിലെ 9 മുതൽ വൈകീട്ട് 7 വരെയും, ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നര വരെയുമാണ് ഡോക്ടറുടെ സേവനമുളളത്. ആരോഗ്യവകുപ്പ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രിയാണിത്.
കാലടിയിൽ ജൂൺ 25 ഞായറാഴ്ച വൈകിട്ട് കുത്തേറ്റ കമൽ എന്ന ഇതരസംസ്ഥാന തൊഴിലാളി ഓട്ടോപിടിച്ച് അര കിലോമീറ്റർ മാത്രം ദൂരത്തുളള കാലടി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെത്തി. ഓട്ടോ തിരികെവിട്ട് ആശുപത്രിയിൽ കയറിയപ്പോഴാണ് ഇയാൾ അറിയുന്നത് - ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആശുപത്രി പ്രവർത്തിക്കില്ല. ഉടൻ പുറത്തേക്കോടിയ ഇയാൾ പാഞ്ഞുവന്ന ഒരു കാറിനു മുന്നിലേക്ക് കുഴഞ്ഞുവീണു.
കാറപകടമാണെന്ന് കരുതി ഓടിക്കൂടിയ നാട്ടുകാർ ഏതോ വാഹനത്തിൽ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷെ ആശുപത്രിയിലെത്തുന്നതിനു മുമ്പേ രക്തം വാർന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഈ സംഭവത്തോടെയാണ് കാലടി സാമൂഹ്യാരോഗ്യകേന്ദ്രത്തിന്‍റെ പ്രവർത്തനം ചർച്ചയായത്. സാധാരണ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയും ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര വരെയുമാണ് പ്രവർത്തനം. മറ്റേതെങ്കിലും സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ പ്രാഥമിക ശുശ്രൂഷയ്ക്കു പോലും കൂടുതൽ ദൂരത്തുളള സ്വകാര്യ ആശുപത്രികളിലേക്ക് ഓടേണ്ടി വരും.-
സാധാരണക്കാരായ രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നവരിലേറെയും. വൈകിട്ടും ഞായറാഴ്ച്ചകളിൽ ഉച്ചകഴിഞ്ഞുമുളള രോഗികൾ അങ്കമാലിയിലോ പെരുമ്പാവൂരിലോ പോകും. 24 മണിക്കൂറും പ്രവർത്തിക്കാനുളള അടിസ്ഥാന സൗകര്യം ഇവിടെയുണ്ട്. മാസങ്ങൾക്ക് മുൻപ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രിയാണിത്.
അതുവഴി, സർജൻ അടക്കം രണ്ട് സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ അധികസേവനവും, കിടത്തി ചികിത്സയും, 24 മണിക്കൂർ ഒപി വിഭാഗവും, ഓപ്പറേഷൻ തിയേറ്ററും പ്രവർത്തനമാരംഭിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ഒപ്പം എക്‌സ്-റേ, ഫാർമസി തുടങ്ങിയ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കുമെന്നും. ഇതൊന്നും നടന്നിട്ടില്ല. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 24 മണിക്കൂർ ഒപി വിഭാഗമെങ്കിലും പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...