'നഷ്ടമായത് ഒരു മാതൃക വ്യക്തിത്വത്തെ'; കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് കാർത്ത്യായനിയമ്മ പറ‍ഞ്ഞതെന്ന് മുഖ്യമന്ത്രി.

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 10:01 AM IST
  • കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മയെന്നും ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
  • നൂറുകണക്കിന് സ്ത്രീകൾക്കാണ് കാർത്യായനിയമ്മ പ്രചോദനമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'നഷ്ടമായത് ഒരു മാതൃക വ്യക്തിത്വത്തെ'; കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മയെന്നും ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. നൂറുകണക്കിന് സ്ത്രീകൾക്കാണ് കാർത്യായനിയമ്മ പ്രചോദനമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

''രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്.
 
നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു.
കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ  വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്.

കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.''

Also Read: അക്ഷര മുത്തശ്ശി കാർത്യായനിയമ്മയ്ക്ക് വിട; അന്ത്യം 101ാം വയസ്സിൽ

101ാം വയസിലാണ് കാർത്യായനിയമ്മ വിട പറഞ്ഞത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ കാർത്യായനിയമ്മ 2017ൽ ഏകദേശം 40,000 ത്തോളം പേർ എഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്ക് വാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാരും ആദരിച്ചിരുന്നു. 96ാമത്തെ വയസിലാണ് കാർത്യായനിയമ്മ പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയത്. പിന്നീട് 2018 മാർച്ച് 8 വനിതാ ദിനത്തിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കയ്യിൽ നിന്നും നാരി ശക്തി പുരസ്കാരവും നേടി.

Trending News