നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന്; ജയിച്ച നാല് എംഎല്‍എമാരും സഭയിലെത്തും

കേരളാ കോണ്‍ഗ്രസില്‍ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്.  

Last Updated : May 27, 2019, 08:24 AM IST
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന്; ജയിച്ച നാല് എംഎല്‍എമാരും സഭയിലെത്തും

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ജൂലൈ അഞ്ചുവരെയാണ് സമ്മേളനം ഉണ്ടാകുന്നത്. അദ്യ ദിനമായ ഇന്ന് കെഎം.മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. 

കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എംഎല്‍എമാര്‍ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്.

കേരളാ കോണ്‍ഗ്രസില്‍ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്. മാണിയുടെ അഭാവത്തില്‍ മുന്‍നിരയിലെ ഇരിപ്പിടം ഉപനേതാവായ പി.ജെ ജോസഫിന് നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

കത്ത് തള്ളിക്കൊണ്ട് പാര്‍ട്ടി വിപ്പെന്ന നിലയില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ടായിരുന്നു റോഷി സ്പീക്കര്‍ക്ക് ബദല്‍ കത്ത് നല്‍കിയത്. എന്നാല്‍ നിലവിലെ ഉപനേതാവ് എന്ന നിലയില്‍ മുന്‍ നിരയിലെ സീറ്റ് ജോസഫിന് നല്‍കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു.

എംഎല്‍എമാരുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്തെ തകര്‍പ്പന്‍ വിജയത്തിന്‍റെ കരുത്തിലാകും പ്രതിപക്ഷ നീക്കങ്ങള്‍.  മൂന്നാം വര്‍ഷത്തിലേയ്ക്ക് കടന്ന സര്‍ക്കാര്‍ കനത്ത തോല്‍‌വിയില്‍ പ്രതിരോധത്തിലാണ്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Trending News