കേരള കോൺഗ്രസ്- യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

മാണിയുടെ ആവശ്യത്തെ പിന്തുണച്ച പി.ജെ ജോസഫ്, ഇടുക്കി ചാലക്കുടി സീറ്റുകളിലൊന്നാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് സീറ്റ് പ്രായോഗികമല്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്.

Last Updated : Mar 3, 2019, 10:09 AM IST
കേരള കോൺഗ്രസ്- യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

കൊച്ചി: യുഡിഎഫിന്റെ സീറ്റ് വിഭജനചര്‍ച്ച ഇന്ന് രാവിലെ കൊച്ചിയില്‍. രണ്ട്‌സീറ്റ് വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് എം ഉറച്ചു നിന്നാല്‍ ഇടപെടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

കൂടുതല്‍ സീറ്റ് അനുവദിക്കാനാവില്ലെന്ന് നേരത്തേ തന്നെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം കെ.എം മാണിയാണ് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉന്നയിച്ചത്. 

മാണിയുടെ ആവശ്യത്തെ പിന്തുണച്ച പി.ജെ ജോസഫ്, ഇടുക്കി ചാലക്കുടി സീറ്റുകളിലൊന്നാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് സീറ്റ് പ്രായോഗികമല്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്.

എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാട് കേരള കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണ്. ജനമഹായാത്ര കഴിഞ്ഞ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കൂടി സാന്നിദ്ധ്യത്തില്‍ ഇതിനെ കുറിച്ച് ചര്‍ച്ച നടത്തും. 

ഒരു സീറ്റ് മാത്രമെങ്കില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ ഭിന്നത ശക്തമാകാന്‍ ഇടയുണ്ട്. അങ്ങനെ വന്നാല്‍ ഇടപെടും എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. 

തര്‍ക്കപരിഹാരത്തിനായി ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളും യുഡിഎഫ് ചര്‍ച്ചയില്‍ മുന്നോട്ട് വച്ചേക്കും. വിജയസാധ്യതയായിരിക്കണം പ്രധാന മാനദണ്ഡമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസുമൊത്തുളള ചര്‍ച്ച് വളരെ പ്രതീക്ഷയോടെയാണ് ഇരു കൂട്ടരും നോക്കി കാണുന്നത്.

Trending News