തിരുവനന്തപുരം: വര്‍ഷാവസാന വേളയില്‍ തിരക്ക് പിടിച്ച രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോണ്‍ഗ്രസ് (ബി). പാര്‍ട്ടിയെ എന്‍.സി.പിയില്‍ ലയിപ്പിച്ച് ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് തിരക്ക് പിടിച്ച രാഷ്ട്രീയ ഇടപെടലുകള്‍.
നിലവില്‍ എന്‍.സി.പിയ്ക്ക് രണ്ട് അംഗങ്ങളാണ് കേരള നിയമസഭയിലുള്ളത്. മന്ത്രിസ്ഥാനം ലഭച്ചിരുന്നെങ്കിലും വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവര്‍ക്കും രാജി വയ്ക്കേണ്ടി വന്നു. തുടര്‍ന്ന് എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കേരള കോണ്‍ഗ്രസ് (ബി)യെ എന്‍.സി.പിയില്‍ ലയിപ്പിച്ച് ഗണേഷ്കുമാറിനെ മന്ത്രിയാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
എന്‍.സി.പിയിലെ തോമസ് ചാണ്ടി വിഭാഗത്തിന് സ്വീകാര്യനാണ് ഗണേഷ്കുമാര്‍. അതിനാല്‍ ലയനത്തിന് അനുകൂല സമീപനമാണ് തോമസ് ചാണ്ടി വിഭാഗത്തിനുള്ളത്. ലയനം സംന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ സ്ഥിരീകരിച്ചു. ജനുവരി ആറിന് ബാലകൃഷ്ണപിള്ള എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും.