തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന പനി രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്താണ് സ്ഥിതി ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ മാത്രം 2171 പേർക്ക് പനി ബാധിച്ചു. മലപ്പുറത്ത് കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയോളമാണ് ഡങ്കിപ്പനി കേസുകളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
ജില്ലയുടെ മലയോര മേഖലകളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ കഴിഞ്ഞ ദിവസം വരെ 53 ഡങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംശയാസ്പദമായ 213 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വണ്ടൂർ, മേലാറ്റൂർ എന്നീ മലയോര മേഖലകളിലാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ മാസം മാത്രം ഏകദേശം 20,000ത്തോളം പേർക്കാണ് വൈറൽ പനി ബാധിച്ചത്.
ALSO READ: കാലവർഷക്കാറ്റ് ദുർബലം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കഴിഞ്ഞ ദിവസം മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചിരുന്നു. കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഗോകുലിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എന്നാൽ എന്ത് പനിയാണ് ഗോകുലിന് ബാധിച്ചത് എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എറണാകുളം ജില്ലയിൽ ഡങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിച്ചത് 110 പേർക്കാണ്. ഇതിൽ 43 പേരും എറണാകുളം ജില്ലയിലാണ്. 218 പേർക്ക് ഡങ്കിപ്പനി ലക്ഷണമുണ്ട്. 8 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മണർകാട് സ്വദേശികളുടെ കുഞ്ഞ് ജോഷ് എബിയാണ് മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുഞ്ഞിന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഡോസ് കൂടിയ മരുന്ന് നൽകിയ ശേഷം കുഞ്ഞിൻറെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതം സംഭവിക്കാൻ ഇടയായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...