Covishield second dose: കൊവിഷീൽഡിൻറെ ഇടവേള കുറച്ച് ഹൈക്കോടതി; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം

കേന്ദ്ര സർക്കാരിന്റെ നിലപാട് തള്ളി ഹൈക്കോടതി. കൊവിഷീൽഡിൻറെ ഇടവേള കുറച്ചു. താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്സിനെടുക്കാം. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 06:00 PM IST
  • താത്പര്യമുള്ളവർക്ക് കൊവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി.
  • സർക്കാരിന്റെ സൗജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി. ‌
  • രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി വാക്സീൻ്റെ കാര്യത്തിൽ നടപ്പാക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി.
Covishield second dose: കൊവിഷീൽഡിൻറെ ഇടവേള കുറച്ച് ഹൈക്കോടതി; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം

എറണാകുളം: കൊവിഷീൽഡിന്റെ (Covishield) രണ്ട് ഡോസുകൾക്കിടയിലെ ഇടവേള (Interval) വെട്ടികുറച്ച് ഹൈക്കോടതി (High Court). കൊവിഷീൽഡിന്റെ ആദ്യ ഡോസ് എടുത്തതിന് ശേഷം താത്പര്യമുള്ളവർക്ക് രണ്ടാമത്തെ ഡോസ് (Second dose) 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. സർക്കാർ നൽകുന്ന സൗജന്യ വാക്സിന് (Free vaccine) ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി ‌ചൂണ്ടിക്കാട്ടി. 

കിറ്റക്സ് ​ഗ്രൂപ്പ് ആണ് വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹ‌‌ർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. കൊവിഷീൽഡ് വാക്സീൻ്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു.  ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

Also Read: Covid Vaccine : Covishield വാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നിശ്ചയിച്ചത് സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ : സെൻട്രൽ പാനൽ മേധാവി

2021 ജനുവരിയിൽ വാക്സീനേഷൻ ആരംഭിച്ചപ്പോൾ കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടെയിലെ ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയർത്തിയിരുന്നു. വാക്സീൻ്റെ ​ഗുണഫലം വ‍ർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്നായിരുന്നു സർക്കാരിന്റെ വാദം. 

Also Read: Covishield Vaccine ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

രോ​ഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്സീൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ​ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്സീൻ തങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നൽകുകയും ചെയ്തുവെന്നും എന്നാൽ സർക്കാർ നിശ്ചയിച്ച 84 ​ദിവസത്തെ ഇടവേള വരെ വാക്സീൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നായിരുന്നു കിറ്റക്സിൻ്റെ ആവശ്യം. 

84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സിൻ എടുക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി വാക്സീൻ്റെ കാര്യത്തിൽ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്സീൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. 

സർക്കാർ ആശുപത്രികൾ (Government vaccine) വഴിയുള്ള സൗജന്യ വാക്സീൻ (Free vaccine) സ്വീകരിക്കുന്നവർക്ക് നിലവിലെ പോലെ 84 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാം. വാക്സീൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് (Slot) ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും (CoWIN App) വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി (High Court) നിർദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News