പത്തനംതിട്ട: ആറന്മുളയിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന് രക്ഷകരായത് പോലീസ്. പോലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്. പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച് അമ്മ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ നിലയിൽ ബക്കറ്റിനുള്ളിൽ കണ്ടെത്തിയത്. കുഞ്ഞിന് ജീവൻ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് ഉടൻ തന്നെ ബക്കറ്റുമായി ജീപ്പിനടുത്തേക്ക് ഓടി. ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
രാവിലെ ചെങ്ങന്നൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കായി എത്തിയ യുവതിയിൽ നിന്ന് രോഗ വിവരങ്ങൾ മനസ്സിലാക്കുന്നതിനിടെ യുവതി രാവിലെ വീട്ടിൽ വച്ച് പ്രസവിച്ചതാണെന്നും കുട്ടിയെ കുളിമുറിയിൽ ബക്കറ്റിൽ ഇട്ടിട്ടുള്ളതുമായി ആശുപത്രി അധികൃതർക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. യുവതിയുടെ മൂത്ത മകൻ നൽകിയ വിവരങ്ങളെ തുടർന്നാണ് കുഞ്ഞിനെ രക്ഷിക്കാനായത്.
പോലീസ് ഇവരുടെ വീട്ടിൽ എത്തി പരിശോധിക്കുന്നതിനിടെ കുളിമുറിയിൽ നിന്ന് കരച്ചിൽ കേട്ടു. തുടർന്ന് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. 1.3 Kg മാത്രം തൂക്കമുള്ള ആൺകുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ആറന്മുള പോലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിന് വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട പോലീസിന് മന്ത്രിമാർ അടക്കം അഭിനന്ദനങ്ങൾ നേർന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...