തിരുവനന്തപുരം: നീണ്ട കാത്തിരിപ്പുകള്‍ക്കോടുവില്‍ നടത്തിയ കെഎഎസ് പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെതിരെ കോപ്പിയടി ആരോപണം.
പരീക്ഷയിലെ ചോദ്യങ്ങള്‍ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്ന് കോപ്പിയടിച്ചതെന്നാണ് ആരോപണം. കോൺഗ്രസ് നേതാവ് പി ടി തോമസ് എംഎൽഎയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പി ടി തോമസിന്‍റെ ഈ ആരോപണം വളരെ ഗുരുതരമാണ്.
പരീക്ഷയിലെ ആറ് ചോദ്യങ്ങൾ പാക്കിസ്ഥാന്‍ സിവിൽ സർവീസ് പരീക്ഷയിൽ നിന്ന് കോപ്പി അടിച്ചതാണെന്നാണ് ആരോപണം. പിഎസ്സിയുടേത് ഗുരുതരമായ അനാസ്ഥയാണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.
ഈ ആരോപണം തന്‍റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് 1535 കേന്ദ്രങ്ങളിലായി മൂന്നര ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22 നായിരുന്നു പരീക്ഷയെഴുതിയത്.
പരീക്ഷയുടെ ഫലം ഒരു മാസത്തിനുളളിൽ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട വിവരണാത്മക പരീക്ഷ ജൂൺ ജൂലൈ മാസങ്ങളിൽ നടക്കും. ഒക്ടോബറിൽ അഭിമുഖത്തിന് ശേഷം നവംബർ ഒന്നോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.