Kerala PWD: റോഡ് ഇടിഞ്ഞതിന് വാഹന ഉടമയ്ക്ക് പിഴ; 26,000 രൂപ പിഴ ചുമത്തി പൊതുമരാമത്തുവകുപ്പ്, പ്രതിഷേധം

Public works department: കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യു.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പിഴയടയ്ക്കാൻ കഴിയില്ലെന്ന് ടിപ്പർ ഉടമ.

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 10:38 AM IST
  • മരഞ്ചാട്ടിയിൽ നിന്ന്‌ കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ മാങ്കയത്ത് നിന്ന് എതിരെ വന്ന ടിപ്പറിന് സൈഡ് കൊടുക്കവേ തെന്നിമാറി
  • ഇതേ തുടർന്ന് വാഹനം താഴ്ന്ന് റോഡിന് നാശനഷ്ടമുണ്ടായി
  • വാഹനത്തിന്റെ ഇടതുഭാഗത്തെ മുൻചക്രം താഴ്ന്നുപോയതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചത്
Kerala PWD: റോഡ് ഇടിഞ്ഞതിന് വാഹന ഉടമയ്ക്ക് പിഴ; 26,000 രൂപ പിഴ ചുമത്തി പൊതുമരാമത്തുവകുപ്പ്, പ്രതിഷേധം

കോഴിക്കോട്: തിരുവമ്പാടിയിൽ വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പർ ഉടമയ്ക്ക് പിഴ ചുമത്തി പൊതുമരാമത്ത് വകുപ്പ്. 26,000 രൂപയാണ് പിഴ ചുമത്തിയത്. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

ജൂലായ് 24-ന് ഉച്ചയ്ക്കാണ് റോഡ് ഇടിഞ്ഞത്. മരഞ്ചാട്ടിയിൽ നിന്ന്‌ കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ മാങ്കയത്ത് നിന്ന് എതിരെ വന്ന ടിപ്പറിന് സൈഡ് കൊടുക്കവേ തെന്നിമാറി. ഇതേ തുടർന്ന് വാഹനം താഴ്ന്ന് റോഡിന് നാശനഷ്ടമുണ്ടായി. വാഹനത്തിന്റെ ഇടതുഭാഗത്തെ മുൻചക്രം താഴ്ന്നുപോയതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചത്. ജെ.സി.ബി. ഉപയോഗിച്ച് ഉയർത്തിയാണ് വാഹനം കൊണ്ടുപോയത്. ചക്രം താഴ്ന്നപ്പോൾ രൂപപ്പെട്ട കുഴി കല്ല് ഉപയോ​ഗിച്ച് നന്നാക്കിയശേഷമാണ് തിരികെ പോന്നതെന്ന് ടിപ്പർ ഓടിച്ചിരുന്ന റിയാസ് പറയുന്നു.

സംഭവമറിഞ്ഞ ഉടൻ പൊതുമരാമത്ത് അധികൃതർ വാഹനം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ നിന്ന്‌ എസ്.ഐ വിളിച്ച് റോഡിന് നാശനഷ്ടമുണ്ടാക്കിയതിന് പി.ഡബ്ല്യു.ഡി. അധികൃതരുടെ ഭാ​ഗത്ത് നിന്ന് പരാതി ലഭിച്ചതായി അറിയിച്ചു. ഇവരെ തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസിലേക്ക് പറഞ്ഞയച്ചു. റോഡിന് നാശനഷ്ടമുണ്ടായ വകയിൽ നഷ്ടപരിഹാരമായി 22,000 രൂപയും 4,000 രൂപ ജി.എസ്.ടി.യും ഉൾപ്പെടെ 26,000 രൂപ പിഴ അടയ്ക്കണമെന്ന് നിർദേശിച്ചതായി റസാഖിന്റെ മകൻ റിയാസ് പറയുന്നു.

ALSO READ: Car Blast: വീട്ടിലേക്ക് കയറ്റുന്നതിനിടെ കാറിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യു.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പിഴയടയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ച് തിരികെ പോന്നു. പൊതുമരാമത്ത് അധികൃതർക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ഇവർ. പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വാഹനം താഴ്ന്നഭാഗത്തിന്റെ എതിർവശത്ത് സ്വകാര്യവ്യക്തി തന്റെ വീട്ടിലേക്ക് റോഡിന് കോൺക്രീറ്റ് ചെയ്തതിനാലാണ് വാഹനം വശത്തേക്ക് തെന്നിമാറാൻ ഇടയാക്കിയതെന്നും ഈ ഭാഗങ്ങളിൽ നടന്ന റോഡ് കയ്യേറ്റങ്ങളിൽ നടപടി കൈക്കൊള്ളാനോ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്താനോ തയ്യാറാകാതെ വാഹന ഉടമകളെ പീഡിപ്പിക്കുന്ന നയമാണ് പി.ഡ.ബ്ല്യു.ഡി. അധികൃതരുടേതെന്ന് കോഴിക്കോട് ഡ്രൈവേഴ്‌സ് രക്ഷാധികാരി നിസാം കൂമ്പാറ ആരോപിച്ചു.

ടിപ്പറുടമയ്ക്കെതിരായ നടപടി തികച്ചും അന്യായമാണെന്ന് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തംഗം ബാബു മുട്ടോളി പറഞ്ഞു. പി.ഡബ്ല്യു.ഡി. എ.ഇ.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിപ്പർ ഉടമയെ വിളിച്ചുവരുത്തിയതെന്നും കേസെടുത്തിട്ടില്ലെന്നും എസ്.ഐ. കെ.ആർ. ഗീരീഷ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ കൂടരഞ്ഞി ടിപ്പർഡ്രൈവേഴ്‌സ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News