ഇടുക്കി: ശക്തമായ മഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും പ്രദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഇന്ന് രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ മൂലം അണക്കെട്ടുകളിലെ ജലനിരപ്പ് വര്‍ധിക്കുകയാണ്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു.
Also read: Kerala Rain: കോടഞ്ചേരി വനത്തിൽ ഉരുൾ പൊട്ടിയതായി സംശയം.. !
ഇടുക്കി അണക്കെട്ടിൽ 2,349.54 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതല്‍ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉയര്‍ന്നിരിക്കുന്നത്. അണക്കെട്ടില്‍ പരമാവധി സംഭരണശേഷിയുടെ 59.89 ശതമാനം വെള്ളമാണ് നിലവിലുള്ളത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127.4 അടിയായി. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടി പ്രദേശത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും കാരണം ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജില്ലയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്.
മഴ ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും വ്യാഴാഴ്ച്ച വൈകിട്ട് ആറിന് തുറന്നിരുന്നു.
അതേസമയം ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.