Kerala Rains : മഴക്കെടുതി: 5168 പേരെ മാറ്റിപ്പാർപ്പിച്ചു, മൂന്നു വീടുകൾകൂടി പൂർണമായി തകർന്നു

തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 08:56 PM IST
  • കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി.
  • 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
  • തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
  • ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി.
Kerala Rains : മഴക്കെടുതി: 5168 പേരെ മാറ്റിപ്പാർപ്പിച്ചു, മൂന്നു വീടുകൾകൂടി പൂർണമായി തകർന്നു

മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 178 ദുരിതാശ്വാസ ക്യാംപുകൾ ഇതിനായി തുറന്നു. മൂന്നു വീടുകൾ കൂടി ഇന്നു (03 ഓഗസ്റ്റ്) പൂർണമായും 72 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.

തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു.

ഇടുക്കിയിൽ തുറന്ന ഏഴു ദുരിതാശ്വാസ ക്യാംപുകളിലേക്ക് 128 പേരെ മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് 19 ക്യാംപുകളിൽ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാംപുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാംപുകളിലായി 429 പേരെയും വയനാട് 13 ക്യാംപുകളിലായി 572 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 105 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 45 പേരെയും മാറ്റിപ്പാർപ്പിച്ചു.
കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു (03 ഓഗസ്റ്റ്) പൂർണമായി തകർന്നത്. തിരുവനന്തപുരം – 10, കൊല്ലം – 6, പത്തനംതിട്ട – 12, ആലപ്പുഴ – 8, ഇടുക്കി – 2, എറണാകുളം – 7, തൃശൂർ – 13, പാലക്കാട് – 1, മലപ്പുറം – 2, കോഴിക്കോട് – 4, വയനാട് – 6, കാസർകോഡ് – 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ (ഓഗസ്റ്റ് 04) ഓറഞ്ച് അലേർട്ട് ആയിരിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ ഓഗസ്റ്റ് ഏഴു 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ഓഗസ്റ്റ് 03, 04) വരെയും കർണാടക തീരങ്ങളിൽ ഇന്നു മുതൽ ഓഗസ്റ്റ് അഞ്ചു വരെയും  മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News