പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നത് സംബന്ധിച്ച ഉന്നതതലയോഗം നാളെ ഡൽഹിയിൽ ചേരും. ഡിജിപി അനിൽകാന്ത് ഈ മാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പോലീസ് മേധാവിയെ തീരുമാനിക്കുന്നതിന് ഉന്നതതല യോഗം ചേരുന്നത്. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ മൂന്ന് പേരെ ഉന്നതലയോഗം നിർദ്ദേശിക്കും.
നിതിൻ അഗർവാൾ, കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേർ. നിതിൻ അഗർവാൾ നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പത്മകുമാറോ ഷെയ്ക്ക് ദർവേസ് സാഹിബോ ആണ് അടുത്ത പൊലീസ് മേധാവി ആകാൻ കൂടുതൽ സാധ്യത. കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കുന്ന മൂന്ന് പേരുടെ പട്ടികയിൽ ഇവർ രണ്ടുപേരും ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.
ഇതിൽ നിന്ന് ഒരാളെ സംസ്ഥാന പോലീസ് മേധാവിയായി സംസ്ഥാനത്തിന് തെരഞ്ഞെടുക്കാം. യു പി എസ് സി ചെയർമാൻ, കേന്ദ്രസർക്കാർ പ്രതിനിധി, ഐബി ജോയിൻ്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവരടക്കുന്ന സമിതിയാണ് ഡിജിപിയുടെ പുതിയ പാനൽ തയ്യാറാക്കുക. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം മുപ്പതിന് വിരമിക്കും. നിലവിൽ ആഭ്യന്തര സെക്രട്ടറിയായ ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറിയായി എത്താനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...