സംസ്ഥാനത്ത് കൊവഡ് സാഹചര്യം അതീവ ​ഗുരുതരം- രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ വേണമെന്ന് കെജിഎംഒഎ

സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 29, 2021, 01:06 PM IST
  • വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു
  • അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്
  • ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ്‌ നല്‍കുന്നത്
സംസ്ഥാനത്ത് കൊവഡ് സാഹചര്യം അതീവ ​ഗുരുതരം- രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ വേണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ (LockDown) പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ (KGMOA) ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്.

സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) ആവശ്യപ്പെട്ടിരിക്കുന്നത്. വായുവിലൂടെ തന്നെ വൈറസ് (Virus) വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ് .ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ്‌ നല്‍കുന്നത്. കെജിഎംഒ എ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

1) സംസ്ഥാനതല ലോക്ക് ഡൗണ്‍:  രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളില്‍ ടി പി ആര്‍ ഉം നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് വായുമാര്‍ഗത്തിലൂടെയും പകരും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാന്‍ ഇടവരുത്തുന്നുണ്ട്. പൊതു ഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കുകയും അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് ഈ ഗുരുതര  വ്യാപനത്തിന്റെ കണ്ണി മുറിക്കാനുള്ള  ഏറ്റവും നിര്‍ണായകമായ നടപടി. ഇത് മനസ്സിലാക്കി അടിയന്തരമായി സംസ്ഥാനത്ത് രണ്ടാഴ്ച ലോക്കഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യ സംവിധാനത്തെ തന്നെ തളര്‍ത്തിയ രീതിയിലേക്ക് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത് ഒരു അപായ സൂചനയായി തന്നെ കണ്ടുകൊണ്ട് ഒട്ടും വൈകാതെ ഈ തീരുമാനം നടപ്പാക്കണം.

2) മാനവവിഭവശേഷി ഉറപ്പാക്കുക: മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ വെല്ലുവിളി. കൊവിഡ് ചികിത്സയ്ക്കായി സി എഫ് എല്‍ ടി സി കളും സി എസ് എല്‍  ടി സി കളും കോവിഡ് ആശുപത്രികളും മുതലായ പുതിയ സംവിധാനങ്ങള്‍ നടത്തുകയും, കൊവിഡിനോടൊപ്പം കൊവിഡേതര ചികിത്സയും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ വേണ്ട അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി നിയമിക്കണം.

കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കോവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ലാത്തത് ഈ കുറവ് ഗുരുതരമാകുന്നു. ഇത് പരിഹരിക്കപ്പെടണം. ആരോഗ്യ വകുപ്പില്‍ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടര്‍മാരെ, അത് പൂര്‍ത്തിയാകുന്ന തീയതിയില്‍ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ഇവരെ എക്സ്റ്റൻഷൻ ഓഫ് സർവീസിൽ നിന്ന് ഒഴിവാക്കണം.

മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി കൂടുതല്‍ Domiciliary Care Center കളും, step down CFLTC കളും ബ്ലോക്ക് തലത്തില്‍ സജ്ജമാക്കണം. ഇവിടെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം നടപ്പാക്കുകയും വേണം. വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവരെയും കോവിഡ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുന്നവരെയും ഇത്തരം സംവിധാനങ്ങളില്‍ പ്രവേശിപ്പിക്കണം കൂടുതല്‍ CFLTC കള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയിലെ bed strength വര്‍ദ്ധിപ്പിക്കണം.

3) വീടുകളില്‍ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് 24*7 call centre സ്ഥാപിക്കണം. പല കാരണങ്ങള്‍ കൊണ്ടും നേരിട്ട് രോഗി പരിചരണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവര്‍ക്ക് ഇത്തരമൊരു സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനാകും.

4) സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വിവരങ്ങള്‍ ഏകീകരിച്ച് ബെഡ്ഡുകളുടെ (ICU bed, Oxygen bed, non oxygen bed) ലഭ്യത സുതാര്യമായി അറിയിക്കുവാനുള്ള കേന്ദ്രീകൃതമായ ഒരു റിയല്‍ ടൈം മോഡല്‍ വികസിപ്പിക്കണം.

5) ദ്വിതീയ-ത്രിദീയ തല കോവിഡ് ആശുപത്രികള്‍, CSLTCകള്‍, CFLTCകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷന്‍ റഫറല്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണം. കോവിഡ് ആശുപത്രി കിടക്കകള്‍ category B, C വിഭാഗം രോഗികള്‍ക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത category A രോഗികള്‍ അവിടെ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

6) വേഗത്തില്‍ കോവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് ലഭ്യമാക്കാന്‍ കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കണം.

7) പി പി കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വലിയതോതില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട് . കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളാകുന്ന സാഹചര്യത്തില്‍ നിലവാരമുള്ള പിപി കിറ്റുകളുടെ ലഭ്യത യുദ്ധകാലടിസ്ഥാനത്തില്‍ ഉറപ്പാക്കണം.

8) സ്വന്തം ആരോഗ്യം തൃണവല്‍ക്കരിച്ച്  രോഗീപരിചരണത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചാല്‍ അവരുടെ ചികിത്സക്കായി നിശ്ചിത ബെഡ്ഡുകള്‍ മാറ്റിവെക്കുകയും അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News