കൊച്ചി: ആലുവ-പത്തടിപ്പാലം റൂട്ടിൽ മെട്രോ സർവീസ് പുനരാരംഭിച്ചു. പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായ സാഹചര്യത്തിലാണ് ആലുവ-പത്തടിപ്പാലം റൂട്ടിൽ ഇന്ന് മുതൽ സാധാരണ നിലയിൽ സർവീസ് ആരംഭിച്ചത്. ഇന്ന് മുതൽ ഏഴര മിനിറ്റ് ഇടവിട്ടാണ് ഈ റൂട്ടിൽ ട്രയിൻ സർവീസ് നടത്തുക. നേരത്തെ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയിൽ 20 മിനിറ്റ് ഇടവിട്ടാണ് ട്രയിനുകൾ സർവീസ് നടത്തിയിരുന്നത്. ഈ ഭാഗത്ത് ഇരു ട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ച് തുടങ്ങിയതോടെ ആലുവ-പേട്ട റൂട്ടിൽ തിങ്കൾ മുതൽ ശനിവരെ തിരക്കുള്ള സമയങ്ങളിൽ 7.30 മിനിറ്റും മറ്റ് സമയങ്ങളിൽ 8.30 മിനിറ്റും ഇടവിട്ട് ട്രെയിൻ സർവീസ് ഉണ്ടാകും.
കുസാറ്റ് മുതൽ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും കെഎംആർഎൽ വക്താവ് കെകെ ജയകുമാർ അറിയിച്ചു. നാല് പൈലുകൾ അധികമായി സ്ഥാപിച്ച് പൈൽ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ 347-ാം പില്ലറിന്റെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷൻ മോണിറ്ററിംഗ് നടത്തി ട്രെയിൻ യാത്ര പരിശോധനയും വേഗ പരിശോധനയും നടത്തിയശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ഇനി മെട്രോയും
ഇനി ഫോട്ടോഷൂട്ടുകൾ മെട്രോയിലും നടത്താം. കൊച്ചി മെട്രോയിലാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകിയത്. ഇതിനുമുമ്പ് സിനിമയുടെയും പരസ്യങ്ങളുടെയും ഷൂട്ടിങിന് അനുമതി നൽകിയിരുന്നെങ്കിലും വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ഇതുവരെ അനുമതി നൽകിയിരുന്നില്ല. ഇനിമുതൽ വിവാഹ ഫോട്ടോഷൂട്ടുകളും നടത്താം. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ തുക കുറച്ചാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് നൽകുക.
ഒരു കോച്ച് പരമാവധി രണ്ട് മണിക്കൂർ നേരത്തേക്കാണ് ബുക്ക് ചെയ്യാൻ സാധിക്കുക. നിശ്ചലമായ ട്രെയിനിൽ രണ്ട് മണിക്കൂറിന് അയ്യായിരം രൂപയാണ് ഈടാക്കുക. ഷൂട്ടിന് മുൻപ് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഇനി മൂന്ന് കോച്ച് ആണ് വേണ്ടതെങ്കിൽ രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപ നൽകണം.
ഇതിന് 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്. ഇനി ഓടുന്ന ട്രെയിൻ ആണ് വേണ്ടതെങ്കിൽ ഒരു കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 8000 രൂപ നൽകണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. ഇനി മൂന്ന് കോച്ചുകളാണ് വേണ്ടതെങ്കിൽ 17,500 രൂപ നൽകണം. ഇത് ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും സർവീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...