Kodiyeri Balakrishnan : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിമുഖം; വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്; ആ കോടിയേരി കാലത്തിന് ഇനി വിട

Kodiyeri Balakrishnan Life Story : കണ്ണൂരിലെ തലശ്ശേരിയിൽ ഒരു സാധരണ കുടുംബത്തിൽ ജനിച്ച് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പാർട്ടിക്ക് വിധേയനായി അവസാനം ആ പാർട്ടിയെ, സെക്രട്ടറി സ്ഥാനത്തെത്തി നയിച്ച കോടിയേരിക്ക് വിട.

Written by - Jenish Thomas | Last Updated : Oct 1, 2022, 11:13 PM IST
  • തലശ്ശേരിയിലെ കോടിയേരി എന്ന ഗ്രാമത്തിൽ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെ മകനായി 1953 നവംബർ 16ന് ജനനം.
  • ഹൈസ്കൂൾ കാലഘട്ടത്തിലാണ് കോടിയേരി തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി ആരംഭിക്കുന്നത്.
  • 2008 കൊയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ വെച്ചാണ് പോളിറ്റ് ബ്യുറോ (പിബി) അംഗമാകുന്നത്.
  • 2015ൽ പിണറായി വിജയനിൽ നിന്നും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.
Kodiyeri Balakrishnan : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിമുഖം; വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്; ആ കോടിയേരി കാലത്തിന് ഇനി വിട

വി എസ് അച്ചുതാനന്ദൻ മന്ത്രിസഭയിൽ രണ്ടാമൻ, അല്ല പാർട്ടിക്കുള്ളിൽ ആ മന്ത്രിസഭയിൽ ഒന്നാമനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. വിഎസ്സും  മന്ത്രിസഭയും രണ്ട് വഴിക്ക് പോകുമ്പോഴെല്ലാം അതിനെ ചേർത്തു കൊണ്ടുപോയത് കോടിയേരി എന്ന ആഭ്യന്തര മന്ത്രിയായിരുന്നു. അതായിരുന്നു പാർട്ടി കോടിയേരിക്ക് നൽകിയ നിയോഗവും. കണ്ണൂരിലെ തലശ്ശേരിയിൽ ഒരു സാധരണ കുടുംബത്തിൽ ജനിച്ച് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പാർട്ടിക്ക് വിധേയനായി അവസാനം ആ പാർട്ടിയെ, സെക്രട്ടറി സ്ഥാനത്തെത്തി നയിച്ച കോടിയേരിക്ക് വിട.

തലശ്ശേരിയിലെ കോടിയേരി എന്ന ഗ്രാമത്തിൽ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെ മകനായി 1953 നവംബർ 16ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാഹിലെ എംജി സർക്കാർ കോളേജിൽ നിന്നും പ്രീഡിഗ്രിയും തുടർന്ന് തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ബിരുദവും സ്വന്തമാക്കി. ഹൈസ്കൂൾ കാലഘട്ടത്തിലാണ് കോടിയേരി തന്റെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. എസ്എഫ്ഐയുടെ ആദ്യകാല രൂപമായിരുന്ന കെഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയം ആരംഭിച്ച കോടിയേരി താമസിക്കാതെ തന്നെ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന വിദ്യാർഥി നേതാവായി മാറി. 

വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നും പാർട്ടി പ്രവർത്തനത്തിലേക്ക്

വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട കോടിയേരി 1973ൽ  സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1975 ൽ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കോടിയേരിക്ക് 16 മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. എസ്എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1979 വരെ കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തുടർന്നു.  80-കളുടെ തുടക്കത്തിൽ യുവജന രാഷ്ട്രീയത്തിലേക്കായിരുന്നു കോടിയേരിയുടെ നിയോഗം. 1080 മുതൽ  1982 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ല അധ്യക്ഷനായി പ്രവർത്തിച്ചു. 

സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക്

ആലപ്പുഴയിൽ വെച്ച് നടന്ന 1988ലെ സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് കോടിയേരി സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് 1990ൽ പാർട്ടിയുടെ കണ്ണൂർ ജില്ല സെക്രട്ടറിയായി ചുമതലയേറ്റു. അഞ്ച് വർഷം കണ്ണൂർ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചതിന് ശേഷം 1995ൽ കോടിയേരിയെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തു. 2002 ൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലുമെത്തി. 2008 കൊയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ വെച്ചാണ് പോളിറ്റ് ബ്യുറോ (പിബി) അംഗമാകുന്നത്. 

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി

 2015 ൽ പിണറായി വിജയനിൽ നിന്നും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇടയ്ക്ക് സ്ഥാനം ഒഴിഞ്ഞ കോടിയേരി 2022ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രോഗം വീണ്ടും മൂർച്ഛിച്ചതോടെ സെക്രട്ടറി സ്ഥാനം ഓഗസ്റ്റ് 28ന് ഒഴിഞ്ഞ് ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി തിരിക്കുകയായിരുന്നു. 

പാർട്ടി സ്ഥാനങ്ങൾക്ക് പുറമെ തലശ്ശേരി മണ്ഡലത്തെ അഞ്ച് തവണയാണ് കോടിയേരി നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1982, 1987, 2001, 2006, 2011 എന്നീ വർഷങ്ങളിലാണ് കോടിയേരി തലശ്ശേരിയുടെ പ്രതിനിധിയായത്. 2006ലെ വിഎസ് മന്ത്രിസഭയിൽ രണ്ടാമനായി ആഭ്യന്തര കൈകാര്യം ചെയ്തു. 13-ാം കേരള നിയമസഭയുടെ പ്രതിപക്ഷ ഉപനേതാവുമായിരുന്നു കോടിയേരി, 

സിപിഎം നേതാവും തലശ്ശേരി മുൻ എംഎൽഎയുമായിരുന്ന എം.വി രാജഗോപാലിന്റെ മകൾ എസ് ആർ വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കളാണ്. ഡോ. അഖില, റിനീറ്റ എന്നിവരാണ് മരുമക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News