കൊല്ലം: കൊല്ലം വാളത്തുംഗല്‍ സ്വദേശി ആര്‍. രാഖിയുടെ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. എപ്പോൾ ജോയിൻ ചെയ്യേണ്ട സമയം അറിയുന്നതിനയി യുവതി ബന്ധുക്കൾക്കൊപ്പം ജ്യോത്സ്യനെ സമീപിച്ചിരുന്നു. ജ്യോത്സൻ കുറിച്ചു നൽകിയ സമയത്താണ് യുവതി ജോലിയിൽ പ്രവേശിക്കാനായി എത്തിയത്. കഴിഞ്ഞദിവസമാണ് റവന്യൂ വകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി നിയമനം ലഭിച്ചെന്ന ഉത്തരവുമായി രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എത്തുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളൊന്നും നേരത്തെ ഔദ്യോഗികമായി ലഭിക്കാത്തതിനാല്‍ ഉത്തരവ് കണ്ടപ്പോള്‍ തന്നെ തഹസില്‍ദാര്‍ക്ക് രാഖിയുടെ കാര്യത്തിൽ സംശയം തോന്നി.
റവന്യൂ വകുപ്പിലെ നിയമന ഉത്തരവില്‍ ചട്ടപ്രകാരം കളക്ടറാണ് ഒപ്പിടേണ്ടത്. എന്നാല്‍, റവന്യൂ വകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി നിയമിച്ചുള്ള രാഖിയുടെ വ്യാജ ഉത്തരവില്‍ റവന്യൂ ഓഫീസര്‍ എന്ന പേരിലുള്ള ഒപ്പാണുണ്ടായിരുന്നത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. പക്ഷെ നിയമന ഉത്തരവ് ലഭിച്ചു എന്നത് യാഥാർത്ഥ്യമാണെന്നും തന്റെ പക്കല്‍ പി.എസ്.സി. റാങ്ക് പട്ടികയുണ്ടെന്നുമായിരുന്നു യുവതിയുടെ മറുപടി. കൂടാതെ കൊല്ലം ജില്ലയിലെ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയുടെ റാങ്ക് പട്ടികയെന്ന് പറഞ്ഞ് കൃത്രിമമായി നിര്‍മിച്ച പട്ടികയും കാണിച്ചുനല്‍കി. ഈ പട്ടികയില്‍ രാഖിക്ക് 22-ാം റാങ്ക് ലഭിച്ചെന്നാണ് കാണിച്ചിരിക്കുന്നത്.
ALSO READ: കോട്ടയത്ത് ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരൻ മരിച്ച സംഭവം; കൂടുതൽ പേർക്ക് പരിക്ക്
നിയമന ഉത്തരവും റാങ്ക് പട്ടികയും കാണിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് യുവതി തര്‍ക്കം ഉന്നയിച്ചതോടെ തഹസില്‍ദാര്‍ പി.എസ്.സി. ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് യുവതിയും ബന്ധുക്കളും പി.എസ്.സി. ഓഫീസില്‍ എത്തി. പി.എസ്.സി. അധികൃതര്‍ സംഭവത്തില്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് യുവതി ഹാജരാക്കിയ റാങ്ക് പട്ടിക ഉള്‍പ്പെടെ വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ പോലീസിനെ വിവരം അറിയിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് നിയമനം നിഷേധിക്കുകയാണെന്നുമായിരുന്നു യുവതി സ്വീകരിച്ച നിലപാട്. ഒടുവില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തതോടെയാണ് രാഖി കുറ്റം സമ്മതിക്കുന്നത്. നിയമന ഉത്തരവും റാങ്ക് പട്ടികയും അടക്കമുള്ളവ മൊബൈല്‍ഫോണില്‍ നിര്‍മിച്ചതാണെന്നായിരുന്നു യുവതിയുടെ കുറ്റസമ്മതം. ഇതോടെ ബന്ധുക്കളും ഞെട്ടലിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...