കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന്‍ റോജോ തോമസ് എസ്പി ഓഫീസില്‍

കൂടത്തായി സംഭവത്തിലെ പരാതിക്കാരന്‍ റോജോ തോമസ് മൊഴി നല്‍കാനായി എസ്പി ഓഫീസിലെത്തി. 

Last Updated : Oct 15, 2019, 11:48 AM IST
കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന്‍ റോജോ തോമസ് എസ്പി ഓഫീസില്‍

കോഴിക്കോട്: കൂടത്തായി സംഭവത്തിലെ പരാതിക്കാരന്‍ റോജോ തോമസ് മൊഴി നല്‍കാനായി എസ്പി ഓഫീസിലെത്തി. 

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ സഹോദരനാണ് റോജോ തോമസ്‌. തിങ്കളാഴ്ച രാവിലെയാണ് അമേരിക്കയില്‍ നിന്ന് റോജോ നാട്ടിലെത്തിയത്. 

അന്വേഷണ സംഘം ആവശ്യപ്പെട്ടതിനനുസരിച്ചാണ് മൊഴി നല്‍കാന്‍ റോജോ എസ്പി ഓഫീസില്‍ എത്തിയത്. 
സഹോദരി റെഞ്ചി, റോയിയുടെ മകന്‍ റോണോ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമെന്ന് റോജോ പ്രതികരിച്ചു. ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യം അന്വേഷണ സംഘത്തോട് പറയും. തന്‍റെ പക്കലുള്ള വിവരങ്ങളും രേഖകളും കൈമാറുമെന്നും റോജോ പറഞ്ഞു.

കുടുംബത്തിലെ കൊലപാതകങ്ങളില്‍ എപ്പോള്‍ മുതലാണ് സംശയം തുടങ്ങിയത് തുടങ്ങി ഒരുപാട് ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്താന്‍ റോജോയുടെ മൊഴി പോലീസിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കൂടത്തായി കേസില്‍ സമാന്തരമായി അന്വേഷണം നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത ആളാണ് റോജോ. അതിനാല്‍ റോജോയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശപ്രകാരമാണ് റോജോ ഇന്നലെ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയത്.

അതേസമയം, ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ അന്വേഷണ സംഘത്തെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്. നാളെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. 

 

Trending News