പത്തനംതിട്ട: അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 21 പേർക്ക് പരിക്കേറ്റു. ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 12.45ന് ഏനാത്ത് പുതുശ്ശേരിയിലാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. അഗ്നിശമന സേനയെത്തിയാണ് ബസ് ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വെങ്ങോല നെടുംതോട് ചെന്താര വീട്ടിൽ റംഷാദ് (32), വേങ്ങൂർ നെടുങ്ങപ്ര ഇടശേരി വീട്ടിൽ റിജോ (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടികൂടി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നെടുന്തോട് ഭാഗത്ത് നിന്ന് ഇവരെ പിടികൂടിയത്. ഇരുചക്ര വാഹനത്തിന്‍റെ പെട്രോൾ ടാങ്കിന്‍റെ മുകളിലെ കവറിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. സബ് ഇൻസ്പെക്ടർ റിൻസ്.എം.തോമസ് എഎസ്ഐ ദിലീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...