കൊല്ലം: ആറുമാസത്തിനിടെ പത്തുദിവസത്തിൽ താഴെ മാത്രം ജോലിചെയ്ത കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സ്ഥലംമാറ്റി. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പടെ 153 പേരെയാണ് സ്ഥലം മാറ്റിയത്.
ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്ന സ്ഥാപനത്തിൽ പുതിയ തൊഴിൽ സംസ്കാരമുണ്ടാക്കുന്നതിന്‍റെ ഭാഗമായുണ്ടായ നടപടിയില്‍ സ്ഥലം മാറ്റിയ 33 കണ്ടക്ടർമാരിൽ വനിതകളുമുണ്ട്. ജീവനക്കാർ കുറഞ്ഞ കാസർകോട്ടേക്കാണ് മിക്കവരെയും നിയമിച്ചത്.
ജൂൺ 23-നാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജിങ് ഡയറക്ടർ പുറപ്പെടുവിച്ചത്. കൃത്യമായി ജോലിക്കെത്താത്ത ഇത്തരം ജീവനക്കാരെക്കൊണ്ട് കോർപ്പറേഷന് യാതൊരു പ്രയോജനവുമില്ലെന്നും ഡ്രൈവർമാരുടെ ക്ഷാമംകാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നുവെന്നും അധികൃതർ പറയുന്നു. ഒരു ജീവനക്കാരൻ വർഷത്തിൽ 20 ദിവസംപോലും ജോലി ചെയ്യാതിരുന്നാൽ സ്ഥാപനത്തിനോ അയാൾക്കോ പ്രയോജനമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉത്തര കേരളത്തിലേക്ക് മാറ്റിയത് ക്രൂരമാണെന്നാണ് ജീവനക്കാരുടെ ആരോപണം.